തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ശല്യതന്ത്ര വിഭാഗം സംഘടിപ്പിക്കുന്ന മലാശയ കാൻസർ സ്‌ക്രീനിങ് ക്യാംപിനു തുടക്കമായി. കോളജ് പ്രിൻസിപ്പാൾ ഡോ. ജി.ആർ. സുനിത ഉദ്ഘാടനം ചെയ്തു. ശല്യതന്ത്ര വിഭാഗം മേധാവി ഡോ. പി. ബെനഡിക്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുനിൽ കുമാർ, ഡോ. സി.എസ്. ശിവകുമാർ, ഡോ. രാജ്മോഹൻ വി, ഡോ. ജിബി തോമസ്, ഡോ. എം.എസ്. ദീപ തുടങ്ങിയവർ പങ്കെടുത്തു.

ജീവിതശൈലിയിലും ആഹാര രീതികളിലുമുണ്ടായിട്ടുള്ള അനാരോഗ്യ മാറ്റങ്ങൾമൂലം മലാശയ അർബുദമുള്ള രോഗികളുടെ എണ്ണത്തിൽ 30 ശതമാനംവരെ വർധനവുണ്ടായിട്ടുണ്ട്. മലദ്വാരത്തിലൂടെ രക്തവും പഴുപ്പും പോകുക, മലശോധന പൂർണമായില്ലെന്ന തോന്നലുണ്ടാകുക, ഇടവിട്ടുള്ള മലബന്ധം, വയറിളക്കം, ശരീരഭാരം പെട്ടെന്നു കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഇത്തരം രോഗികളിൽ കണ്ടുവരുന്നു. പ്രാരംഭ ദിശയിലുള്ള രോഗനിർണയം രോഗം ഒരു പരിധിവരെ ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കും. ഇതു മുൻനിർത്തിയാണു സ്‌ക്രീനിങ് ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446593405, 9495487640, 9048510848 എന്നീ നമ്പറുകളിൽ രജിസ്റ്റർചെയ്യണം. ഏപ്രിൽ അഞ്ചു വരെയാണു ക്യാംപ്.