പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക്‌ തുടക്കമായി. കുമളി പഞ്ചായത്ത്‌, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ്‌ എന്നിവ ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ ഉദ്‌ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള കോ ഓപ്പറേറ്റീവ് പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ മുഖ്യപ്രഭാഷണം നടത്തി. സ്വരാജ് ട്രോഫി നേടിയ കുമളി പഞ്ചായത്ത് അംഗങ്ങളെ പുഷ്പമേള സംഘാടകസമിതിയുടെയും റോട്ടറി ക്ലബ് തേക്കടിയുടെയും നേതൃത്വത്തിൽ ആദരിച്ചു.

30,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ തയ്യാറാക്കുന്ന പതിനായിരക്കണക്കിന് ചെടികളും പൂക്കളുമാണ് പുഷ്പമേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്യൂസ്‌മെന്റ്‌ പാർക്കും ക്രമീകരിച്ചിട്ടുണ്ട്. പുഷ്പാലങ്കാര മത്സരം, സൗന്ദര്യമത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിങ്‌ മത്സരം എന്നിവയും, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഗാനമേളകൾ, കോമഡി ഷോ, നാടൻ പാട്ടുകൾ, നൃത്തസന്ധ്യ, തെയ്യം, കഥകളി തുടങ്ങിയ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന്‌ വിപുലമായ ടൂറിസം സെമിനാറും ജൈവകൃഷി പ്രോത്സാഹനത്തിനായി ജൈവകർഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഹൈടെക്ക് ഡൂം പന്തലിൽ അറുപതിൽപരം വാണിജ്യ സ്റ്റാളുകൾ പ്രവർത്തിക്കും. ചിത്രപ്രദർശനം ഉൾപ്പെടെയുള്ള പ്രദർശനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.