രണ്ടാം തവണയും ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആലക്കോട് ഗ്രാമപഞ്ചായത്ത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സ്വാന്തന പരിചരണ രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തമാര്‍ന്ന സവിശേഷ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതും പകര്‍ച്ചവ്യാധി നിയന്ത്രണം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നേട്ടം, ജീവിത ശൈലിരോഗ നിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ മികച്ച നിലവാരം, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ മികവ് എന്നിവ പരിഗണിച്ചാണ് രണ്ടാം വട്ടവും ആര്‍ദ്രകേരളം പുരസ്‌കാരം ആലക്കോട് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്.

പാലിയേറ്റിവ് പരിചരണ രംഗത്ത് 1.5 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ സംഭാവനയായി സംഘടിപ്പിച്ചും, ആശ്രയമില്ലാത്ത രോഗികളെ ചാരിറ്റി ഹോമിലെത്തിച്ചും, ചാരിറ്റി ഹോമുകളില്‍ മികച്ച പരിചരണമെത്തിച്ചും പാലിയേറ്റീവ് പരിചരണ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാന്‍ ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് രോഗികളുടെയും സമ്പര്‍ക്ക വിലക്കിലേര്‍പ്പെട്ടവരുടെയും വീടുകളില്‍ ഭക്ഷണവും വൈദ്യസേവനവും മറ്റുസഹായങ്ങളും എത്തിക്കുന്നതില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വലിയ ജനകീയ മുന്നേറ്റം കൈവരിക്കാനായി. പരിമിതികളെ കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയൂര്‍വേദ-ഹോമിയ ആരോഗ്യ സ്ഥാപനങ്ങളുടെയും, കുടുംബശ്രീ, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് പദ്ധതി എന്നിവിയുടെയെല്ലാം കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലുള്ളതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു.