കുട്ടികളെ രക്ഷിച്ച പോലീസുകാര്‍ക്ക് അനുമോദനം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലേത് മത നിരപേക്ഷ പൊലീസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുളത്തില്‍ മുങ്ങിയ കുട്ടികളുടെ ജീവന്‍ രക്ഷിച്ച പൊലീസുകാരെ അനുമോദിക്കാന്‍ കേരള പൊലീസ് അസോസിയേഷന്റെയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കെ എ പി നാലാം ബറ്റാലിയന്‍ ജില്ലാ കമ്മറ്റികള്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പോലും ജാതിയും മതവുമൊക്കെ നോക്കിയാണ്. എന്നാല്‍ കേരളത്തിലേത് പഴയ പൊലീസല്ല. മികച്ച വിദ്യാഭ്യാസമുള്ള ഒത്തിരിപ്പേര്‍ സേനയിലുണ്ട്. ജാതിയും മതവും വര്‍ണ്ണവും നോക്കാതെ ജനോപകാരപ്രദമായ നിലപാടുമായാണ് കേരള പൊലീസ് മുന്നോട്ട് പോകുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തലശ്ശേരി ജഗന്നാഥ ക്ഷേത്ര കുളത്തില്‍ വീണ നാടോടി കുടുംബത്തിലെ കുട്ടികളെ രക്ഷിച്ച നാലാം ബറ്റാലിയനിലെ എസ് ശ്യാം സുവിന്‍, കാസിഫ് മില്‍ഹാജ്, ബി അനീഷ്, എ വി റിജിന്‍, പി ഈലഫ്, എന്‍ നൗഫല്‍, പി റിജു, എം പി ഭരത് മുരളി എന്നീ എട്ട് പൊലീസുകാരെയാണ് അനുമോദിച്ചത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ്‌ ക്ഷേത്രക്കുളത്തഗിൽ കുളിക്കുന്നതിനിടെ അപകടം പറ്റിയ മൂന്നു കുട്ടികളിൽ രണ്ടുപേരെ രക്ഷിച്ചത്.
മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന്‍ ഡ്രില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നാലാം ബറ്റാലിയന്‍ ജില്ലാ പ്രസിഡണ്ട് പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പൊലീസുകാര്‍ക്കുള്ള ഉപഹാരവും അനുമോദന പത്രവും മന്ത്രി കൈമാറി.