എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സമ്പൂര്‍ണ കാര്‍ഷിക ഗ്രാമമാണ് പോത്താനിക്കാട്. നെല്ലും, തെങ്ങും, റബ്ബറും, പൈനാപ്പിളും, ഫലവര്‍ഗങ്ങളും മറ്റും പോത്താനിക്കാടിന്റെ മണ്ണില്‍ കൃഷി ചെയ്ത് വരുന്നു. എന്‍.എം ജോസഫാണ് ഗ്രാമപഞ്ചായത്തിനെ ഇപ്പോള്‍ നയിക്കുന്നത്. പ്രസിഡന്റിന്റെ വാക്കുകളിലൂടെ …

കാര്‍ഷിക രംഗം

കേരഗ്രാമം പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചതാണ് കാര്‍ഷിക മേഖലയിലെ എടുത്ത് പറയേണ്ട നേട്ടം. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരഗ്രാമം പദ്ധതി പഞ്ചായത്തിന് ലഭിച്ചത്. കേരഗ്രാമം പദ്ധതി വഴി പഞ്ചായത്തിലെ കേരകര്‍ഷകരുടെ ഉന്നമനം സാധ്യമാകും. തെങ്ങിനുണ്ടാകുന്ന രോഗ കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. നിലവിലുള്ള തെങ്ങുകളെ പരിപാലിക്കാനും പുതിയ തെങ്ങുകള്‍ വച്ചുപിടിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. കേരകര്‍ഷകര്‍ക്കാവശ്യമായ വളവും മരുന്നുകളും പദ്ധതിവഴി ലഭ്യമാകും. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും, നാളികേരത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കി വിപണനം ചെയ്യുകയുമാണ് പഞ്ചായത്തിന്റെ ഭാവി സ്വപ്നം.

തെങ്ങിന് പുറമെ, റബ്ബര്‍, പൈനാപ്പിള്‍, നെല്ല്, വാഴ, ഫലവര്‍ഗങ്ങള്‍ തുടങ്ങിയ കൃഷികളും പഞ്ചായത്തിലുണ്ട്. ഇതില്‍ നെല്‍കൃഷിക്ക് കൂടുതല്‍ ശ്രദ്ധകൊടുത്ത് ആ മേഖലയെ പരിരക്ഷിക്കണം. അതിനായി കഴിയാവുന്നതെല്ലാം പഞ്ചായത്ത് ചെയ്തുവരുന്നു. ക്ഷീര മേഖലയിലേക്ക് വന്നാല്‍ പാലിന് ഇന്‍സെന്റീവ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പോത്തുകുട്ടി, കന്നുകുട്ടി എന്നിവയെ വിതരണം ചെയ്തു. മുട്ടക്കോഴികളെയും അര്‍ഹതയുള്ളവര്‍ക്ക് നൽകി.

കോവിഡ് പ്രതിരോധം

നിരവധി പ്രതീക്ഷകളുമായിട്ടാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കലായിരുന്നു പ്രധാന ഉദ്യമം. അതിനായി ചിട്ടയായ പ്രവര്‍ത്തനമാണ് പഞ്ചായത്ത് നടത്തിയത്. ആദ്യം

30 കിടക്കകളുള്ള ഡി.സി.സി സജ്ജീകരിച്ചു. കോവിഡ് പരിശോധനയ്ക്ക് വേണ്ടത്ര സൗകര്യമൊരുക്കി.

രോഗികളെ മാറ്റാനും, ടെസ്റ്റിംഗിന് കൊണ്ടുപോകാനും ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമാക്കിയിരുന്നു. കോവിഡ് ബാധിതർക്കും, ആവശ്യമുള്ളവര്‍ക്കും ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം തയ്യാറാക്കി യുവജനസംഘടനകളുടെ സഹായത്തോടെ വിതരണം ചെയ്തു. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റും നല്‍കി. കോവിഡ് വാക്സിനേഷന് പ്രത്യേക കരുതലാണ് പഞ്ചായത്ത് സ്വീകരിച്ചത്. സ്വന്തം നിലയക്ക് വാക്സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി. നിലവില്‍ മുതിര്‍ന്നവരുടെ വാക്സിനേഷന്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചു. കുട്ടികളുടെ വാക്സിനേഷന്‍ പുരോഗമിക്കുന്നു .

കുടിവെള്ളക്ഷാമം

പഞ്ചായത്തില്‍ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളുണ്ട്. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ഒരു ബൃഹദ് പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടക്കും. പ്രസ്തുത പദ്ധതിക്കായി അര ഏക്കര്‍ സ്ഥലം പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് വിട്ടുനല്‍കി. സ്വതന്ത്ര കുടിവെള്ള പദ്ധതികളും പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

തൊഴിലുറപ്പ്

പഞ്ചായത്തിലെ തൊഴിലുറപ്പിന്റെ പ്രവര്‍ത്തനം ഭംഗിയായി പോകുന്നു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് തൊഴിലുറപ്പിന്റെ പ്രവര്‍ത്തനം. കാലിത്തൊഴുത്ത്, ആട്ടിന്‍ കൂട് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതി വഴി നിര്‍മ്മിച്ച് കൊടുക്കുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിലും തൊഴിലുറപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. കുടുംബശ്രീയും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ജനകീയ ഹോട്ടല്‍ നടത്തുന്നുണ്ട്. ഈ സംരംഭത്തെ വിപുലപ്പെടുത്തി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ എല്ലാ സഹായവും പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പഞ്ചായത്ത് പരിധിയില്‍ രണ്ട് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാവിധ പിന്തുണയും പഞ്ചായത്ത് നല്‍കി വരുന്നു. പുളിന്താനം ഗവ.യു.പി സ്‌കൂളില്‍ ഈ വര്‍ഷം ഏകദേശം 10 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യവികസനം പഞ്ചായത്ത് നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 66 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടം ഈ വര്‍ഷമാണ് പുളിന്താനം സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തത്. പോത്താനിക്കാട് ഗവ.എല്‍.പി സ്‌കൂളിലും ആവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്. സ്‌കൂള്‍ പെയിന്റ് ചെയ്യാനും നവീകരിക്കാനും അതാത് സമയങ്ങളില്‍ ഫണ്ട് അനുവദിച്ച് വരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാനും പഞ്ചായത്ത് മുന്‍കൈ എടുക്കുന്നുണ്ട്.

വിനോദസഞ്ചാരം

ഗ്രാമീണ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് പോത്താനിക്കാട്. ഈ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കാളിയാര്‍ പുഴയില്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ചെക്ക് ഡാമുണ്ട്. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന അവിടേക്ക് അടിസ്ഥാന സൗകര്യങ്ങളും വിശ്രമകേന്ദ്രവും ബോട്ടിംഗും ആരംഭിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചിട്ടുണ്ട്.

ലൈഫ് പദ്ധതി

ലൈഫ് ഭവന പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് പോകുന്നു. നേരത്തെ നിര്‍മ്മാണം ആരംഭിച്ച വീടുകളുടെ പൂര്‍ത്തീകരണമാണ് നിലവില്‍ നടന്നുവരുന്നത്. പുതിയ ലിസ്റ്റ് വരുന്ന മുറയ്ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ വേണ്ട എല്ലാ സഹായവും പഞ്ചായത്ത് ഉറപ്പാക്കും.

അഗ്നിരക്ഷാ നിലയം

പഞ്ചായത്തില്‍ ഒരു അഗ്നിരക്ഷാ നിലയം സ്ഥാപിക്കാനുള്ള പരിശ്രമം തുടരുകയാണ്. നിലവില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ കല്ലൂര്‍ക്കാട് നിന്നാണ് ഫയര്‍ഫോഴ്സ് എത്തുന്നത്. പക്ഷേ പഞ്ചായത്തിലേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ പല തടസങ്ങളും നീക്കിവേണം എത്താന്‍. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് പഞ്ചായത്തില്‍ തന്നെ ഒരു അഗ്നിരക്ഷാ നിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.

അഭിമുഖം: അമൽ കെ.വി