പ്രാദേശികമായും കേരളീയമായും നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും സാമൂഹിക നവോത്ഥാന മുന്നേറ്റവും പുതിയ തലമുറ പഠിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെയും എ.സി. കണ്ണന്‍ നായരുടെയും പ്രതിമ അനാഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വ നിരയില്‍ നിന്നുവെന്നു മാത്രമല്ല ഒരു സഹകരണ സംഘത്തില്‍ പോലും അംഗമാകാതെ രാഷ്ട്രത്തിന്റെ പിതാവായി നമ്മളെല്ലാവരും ആരാധിക്കുന്ന മഹാത്മാ ഗാന്ധിയെ പുതിയ തലമുറ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ദേശീയ സമര പ്രസ്ഥാനത്തിലേക്ക് വന്നതാണ് എ.സി.കണ്ണന്‍ നായര്‍. ഈ പ്രദേശത്തും കേരളത്തിലും നടന്ന സ്വാതന്ത്ര സമര ചരിത്രവും സാമൂഹികമായ നവോത്ഥാന മുന്നേറ്റ കാലയളവിലെ പ്രശ്‌നങ്ങളും നമ്മുടെ ഈ തലമുറ പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ സുരേഷ് ചിത്രപ്പുരയാണ് മഹാത്മാഗാന്ധി പ്രതിമയുടെ ശില്പി. മേലാങ്കോട്ട് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്ന തന്റെ മക്കള്‍ അക്ഷയ്, അക്ഷര എന്നിവരുടെ പേരിലാണ് ഏഴടി ഉയരമുള്ള രാഷ്ട്ര പിതാവിന്റെ പൂര്‍ണകായ സിമന്റ് ശില്പം അദ്ദേഹം വിദ്യാലയത്തിന് സമര്‍പ്പിച്ചത്. അമ്പതിനായിരം രൂപ ചെലവിട്ട് ആറു മാസമെടുത്താണ് ശില്പം പൂര്‍ത്തിയാക്കിയത്. ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും ശില്പിയുമായ ചിത്രന്‍ കുഞ്ഞിമംഗലം മൂന്നു മാസമെടുത്താണ് മൂന്നടി വലുപ്പമുള്ള എ.സി.കണ്ണന്‍ നായരുടെ അര്‍ധ കായ പ്രതിമ നിര്‍മ്മിച്ചത്. എ.സി. കണ്ണന്‍ നായരുടെ കുടുംബാംഗങ്ങളാണ് അമ്പതിനായിരം രൂപ ചെലവില്‍ ഫൈബര്‍ ശില്പം വിദ്യാലയത്തിന് സമര്‍പ്പിച്ചത്.

വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.അപ്പുക്കുട്ടന്‍ അധ്യക്ഷനായി. എ.സി.കണ്ണന്‍ നായരുടെ പുത്രന്‍ കെ.കെ.ശ്യാംകുമാര്‍, എ.സി.കണ്ണന്‍ നായര്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. ടി.കെ.സുധാകരന്‍, എം.രാഘവന്‍ അതിയാമ്പൂര്‍,
പി.ടി.എ പ്രസിഡന്റ് ജി. ജയന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് നിഷ പ്രദീപ് എന്നിവര്‍ സംസാരിച്ചു. മുന്‍ പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് കെ.വി. വനജ നന്ദിയും പറഞ്ഞു.