പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കാഞ്ഞങ്ങാട് ഞാറ്റുവേല കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കിയ ”യന്ത്രവല്‍കൃത ജൈവനെല്‍കൃഷി പരിശീലനവും ജൈവനെല്‍കൃഷി മിഷനും – ഞാറ്റടി മുതല്‍ കൊയ്ത്തു വരെ കര്‍ഷകന്റെ പാടത്ത്”പരിപാടിക്ക് കാഞ്ഞങ്ങാട് കാരാട്ട് വയല്‍ പാടശേഖരത്തില്‍ തുടക്കമായി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷയായി. സബ് കലക്ടര്‍ ഡി.ആര്‍.മേഘശ്രീ മുഖ്യാതിഥിയായി.

കഴിഞ്ഞ ഏഴു വര്‍ഷമായി ഗവേഷണ കേന്ദ്രം നടത്തി വരുന്ന ഈ സംരംഭത്തിലൂടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പരിശീലനം നല്‍കി വരുന്നു. ഈ വര്‍ഷം കാഞ്ഞങ്ങാട് നഗരസഭയെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ജൈവകൃഷിയുടെ വിജയത്തിനായി ജൈവ ഇനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ജൈവ ആവാസവ്യവസ്ഥ സൃഷ്ടിക്കലിനെക്കുറിച്ചും ഉള്ള അറിവ് കര്‍ഷകരിലെത്തിക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. കാരാട്ട് വയല്‍ പാടശേഖരത്തില്‍ പരിശീലനാര്‍ത്ഥികളെക്കൊണ്ട് അഞ്ചേക്കര്‍ സ്ഥലത്ത് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ജൈവ നെല്ലിനമായ ഏഴോം- 2 വിത്ത് ഉപയോഗിച്ച് ജൈവകൃഷി മിഷനിലൂടെ കൃഷി പൂര്‍ത്തികരിച്ചു.

നവംബര്‍ ആദ്യവാരം ആരംഭിച്ച ഈ പരിശീലന പരിപാടി എട്ടോളം ഘട്ടങ്ങളായി കൊയ്ത്ത് വരെയുള്ള വിവിധ സമയങ്ങളില്‍ പൂര്‍ത്തീകരിച്ചു. കാര്‍ഷിക സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ വിളകളുടെ കീട രോഗ നിവാരണ അഗ്രോക്‌ളിനിക്ക്, കാര്‍ഷിക പ്രദര്‍ശനം, കര്‍ഷകരെ ആദരിക്കല്‍, പരിശീലാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും സംഘടിപ്പിച്ചു. ഉത്തരമേഖല ഗവേഷണ വിഭാഗം മേധാവി പ്രൊഫ. ഡോ. ടി വനജ ”ഗുണമേന്മയുള്ള വിത്തുത്പാദനവും അരിയുടെ ആരോഗ്യകരമായ ഉപയോഗരീതികളും” എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. കാര്‍ഷിക വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റന്റ് പ്രൊഫ. എസ്. അനുപമ പദ്ധതി വിശദീകരണം നടത്തി. പരിശീലനം നേടിയ കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.