* രക്ഷിതാക്കൾക്കും പരിശീലനം
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് 2018-ൽ ആരംഭിച്ച സമഗ്ര പരിപാടിയാണ് സ്പെക്ട്രം. കൃത്യമായ പരിചരണവും സ്നേഹവും കരുതലും, ഒപ്പം തെറാപ്പിയുമാണ് ഓട്ടിസം ബാധിതർക്ക് വേണ്ടത്. ഓട്ടിസം സ്‌ക്രീനിംഗ്, ഉചിതമായ ഇടപെടൽ പ്രവർത്തനങ്ങൾ, ആധുനിക തെറാപ്പി സൗകര്യങ്ങൾ, ഓട്ടിസം മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും, രക്ഷിതാക്കൾക്കുള്ള പരിശീലനം, ഈ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നവർക്കുള്ള വിദഗ്ധ പരിശീലനം, കുട്ടികളുടെ ആശയവിനിമയ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുടെ വികസനവും ഏറ്റെടുക്കലും എന്നിവയാണ് സ്പെക്ട്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള നൈപുണ്യ വികസനമാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനം.
ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികളുടെ സ്‌ക്രീനിംഗിനും ഇടപെടൽ സേവനങ്ങൾ നൽകുന്നതിനുമായി ഏഴ് ഓട്ടിസം സെന്ററുകൾ, ആറ് സർക്കാർ മെഡിക്കൽ കോളേജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, മഞ്ചേരി) കോഴിക്കോട്ടെ IMHANS ലും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടിസം സംശയിക്കുന്ന 2600 കുട്ടികളെ വിവിധ ആശുപത്രികളിൽ നിന്നും ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും റഫർ ചെയ്യുകയും ഈ കേന്ദ്രങ്ങൾ വഴി പിന്തുണക്കുകയും ചെയ്തു. ഓട്ടിസം ബാധിതരായ 100-150 കുട്ടികൾ പ്രതിമാസം ഓരോ ഓട്ടിസം സെന്ററിൽ നിന്നും സേവനം ലഭ്യമാക്കുന്നുണ്ട്.
ബുദ്ധിപരമായി വെല്ലുവിളിയുള്ളവരെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളോ കുടുംബാംഗങ്ങളോ മികച്ച അധ്യാപകരും പരിശീലകരുമാണ്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പൈലറ്റ് പ്രോഗ്രാം 2019 മുതൽ രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി (PEP) ആരംഭിച്ചിട്ടുണ്ട്.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. തദ്ദേശ സ്ഥാപന തലത്തിൽ ഈ രക്ഷിതാക്കളെ സ്വമേധയാ പിന്തുണയ്ക്കുന്നതിനായി പ്രൊഫഷണൽ, കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ ഒരു ടീമിനെ പ്രാപ്തരാക്കിവരികയാണ്. പദ്ധതിയുടെ ഭാഗമായി വികലാംഗ മേഖലയിൽ പ്രവർത്തിക്കുന്ന 83 പ്രൊഫഷണലുകൾ, 312 കമ്മ്യൂണിറ്റി സംഘാടകർ, 1907 രക്ഷിതാക്കൾ എന്നിവർക്കും പരിശീലനം നൽകി കഴിഞ്ഞു.
നാഡീവികസനത്തിലെ അപര്യാപ്തതമൂലം ചെറുപ്രായത്തിൽതന്നെ സാമൂഹ്യകാര്യങ്ങളിലും സംസാരത്തിലും പെരുമാറ്റത്തിലുമുള്ള പൊരുത്തക്കേട് പ്രകടമാക്കുന്ന ഓട്ടിസം ബാധിച്ചവർക്കുള്ള പ്രത്യേക സംവിധാനങ്ങൾ നിലവിലില്ലായിരുന്ന സാഹചര്യത്തിലാണ് കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ സ്പെക്ട്രം എന്ന പ്രത്യേക പദ്ധതി തയാറാക്കിയത്.