ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി കേരളം കണ്ട ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പെരിന്തല്‍മണ്ണ ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മലപ്പുറം, പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഉല്പാദനം, വിപണനം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ എന്നിവ വഴി ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന മികച്ച പദ്ധതിയാക്കി ഇതിനെ മാറ്റണം. ഭക്ഷണശീലങ്ങള്‍ മാറിയതാണ് മലയാളിയുടെ മിക്കരോഗങ്ങള്‍ക്കും കാരണമെന്ന് മന്ത്രി പറഞ്ഞു. കാന്‍സറിന് കാരണം 20 ശതമാനവും പുകയില ഉല്പന്നങ്ങളാണെങ്കില്‍ 35 മുതല്‍ 40 ശതമാനം വരെ കാരണം വിഷമയമായ ഭക്ഷണമാണെന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ പഠനങ്ങളില്‍ പറയുന്നു. സിഗരറ്റിന്റെ കവറിലേക്ക് നോക്കാന്‍ തന്നെ ഒരാള്‍ക്ക് ഭയം തോന്നും. അതിനുമുകളിലെ ചിത്രം അതുപയോഗിക്കുന്നവരെ പിറകോട്ട് വലിക്കും. എന്നാല്‍ വിഷലിപ്തമായ ഭക്ഷണത്തിന്റെ കവറില്‍ യാതൊരു മുന്നറിയിപ്പും രേഖപ്പെടുത്താതെ പോകുന്നു. കരള്‍രോഗവും വൃക്കരോഗവും കേരളത്തില്‍ വ്യാപിക്കുന്ന സ്ഥിതിയുണ്ട്. വെറും ഉണ്ണാമന്‍മാരായി രോഗത്തിന്റെ തടവറകളില്‍ കഴിയുന്ന ഒരു ജനതയായി നമ്മള്‍ മാറാന്‍ പാടില്ല. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യം ഏറ്റെടുക്കാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ല എന്ന അവസ്ഥയുണ്ടാകണം. ഈ സന്ദേശം എത്താത്ത ഒരു മനസും ഇവിടെ ഉണ്ടാവാന്‍ പാടില്ലാത്ത വിധം ക്യാമ്പയിന്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

നെല്ലുല്പാദനത്തിന്റെ കാര്യത്തില്‍ വയലുകളുടെ കുറവുണ്ട്. എന്നാല്‍ പച്ചക്കറിയുടെ കാര്യത്തില്‍ മണ്ണുണ്ട്. മനസാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ പണ്ട് നാം സ്വയംപര്യാപ്തരായിരുന്നു. കഴിക്കുന്നവരുടെ എണ്ണം കൂടുകയും ഉല്പാദിപ്പിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും രോഗങ്ങളില്‍ നിന്ന് മുക്തരാക്കാന്‍ വിഷരഹിതമായ കൃഷിരീതിയിലേക്ക് മാറേണ്ടതുണ്ടെന്നും പുതിയ പദ്ധതി അതിനുള്ള ഉത്തരമാണെന്നും മന്ത്രി വിശദീകരിച്ചു.