സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സാംസ്‌കാരിക സബ് കമ്മിറ്റി യോഗം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ അയ്യന്തോള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ചേര്‍ന്നു.

പ്രാരംഭദിനമായ ഏപ്രില്‍ 18 മുതല്‍ 24 വരെ നടത്തുന്ന വിവിധ കലാപരിപാടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പരിപാടിയുടെ ഭാഗമായി വിപുലമായ ഘോഷയാത്രയും നാടന്‍ കലാരൂപങ്ങളും സംഗീത സന്ധ്യയും നാടകവും ഫ്യൂഷന്‍ നൃത്ത പരിപാടികളും അരങ്ങേറും. എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിഭാഗക്കാര്‍ക്കായി ബി ആര്‍ സി തലത്തില്‍ ഏപ്രില്‍ 12ന് ചിത്രരചനാമത്സരം സംഘടിപ്പിക്കും. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കുള്ള സമ്മാനദാനം ഏപ്രില്‍ 16ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന സമൂഹചിത്രരചനാ ക്യാമ്പില്‍ വെച്ച് സമ്മാനം നല്‍കും. കോളേജ് തലത്തില്‍ കുട്ടികള്‍ക്കായി ഉപന്യാസ മത്സരവും ഫ്‌ളാഷ് മൊബും സംഘടിപ്പിക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. കലാപരിപാടികളില്‍ എസ് സി, എസ് ടി കലാകാരന്മാരുടെ പ്രാതിനിധ്യം ഉറപ്പാക്കണം. പ്രചാരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ വജ്രജൂബിലി കലാകാരന്മാരുടെ കീഴില്‍ പരിശീലനം നേടിയവരുടെ അരങ്ങേറ്റ പരിപാടികളും ഏപ്രില്‍ 16ന് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അടുത്ത മീറ്റിങ്ങ് ഏപ്രില്‍ 11ന് ഉച്ചയ്ക്ക് 12 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ചേരും.

മീറ്റിങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ മദനമോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍കരീം, ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ കരീം വി കെ, ലളിതകലാ അക്കാദമി മാനേജര്‍ മനോജ് കുമാര്‍ കെ എസ്, ഡെപ്യൂട്ടി ഡിഎസ്ഇ സജീവ് എസ് മേനോന്‍, ഡിപിസി എസ് എസ് കെ ബിനോയ് എന്‍ ജെ, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്‌നെമ്യ മാഹിന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീജ ഡി, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.