വിസ്മൃതിയിലേക്ക് തള്ളിക്കളയാതെ പഴമയുടെ തനിമയും പ്രാധാന്യവും തിരിച്ചറിഞ്ഞ് ഒരു പറ്റം കര്‍ഷകരെ അണി നിരത്തി നടത്തി വിത്തുല്‍പ്പന്ന പ്രദര്‍ശന – വിപണനമേള ശ്രദ്ധേയമായി. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച വിത്തുത്സവത്തോട് അനുബന്ധിച്ച് തൊടുപുഴ ടൗണ്‍ ഹാളില്‍ സഞ്ജീകരിച്ച പ്രദര്‍ശന – വില്‍പ്പന സ്റ്റാളുകളാണ് അപൂര്‍വ്വതയുടെ കലവറയായത്. ലാഭേച്ഛ ഇല്ലാതെ സ്വന്തം കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിച്ച് സംരക്ഷിക്കുന്നത് മുതല്‍ ഒരു കൂട്ടം കര്‍ഷകരുടെ ഒരുമിച്ചുള്ള സംരംഭങ്ങള്‍ വരെ പ്രദര്‍ശന സ്റ്റാളുകളുമായി എത്തിയിരുന്നു. തലമുറ മാറ്റത്തില്‍ അന്യം നിന്ന് പോകാതെ വരും തലമുറക്കായി കാത്ത് സൂക്ഷിക്കാന്‍ പഴമയുടെ, പാരമ്പര്യ സംരക്ഷണത്തിന്റെ മുന്നണി പോരാളികളായി തങ്ങളുണ്ടാകുമെന്നാണ് വ്യത്യസ്തരായ ഈ കര്‍ഷകര്‍ പറയുന്നത്. സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും അപൂര്‍വ്വ ഇനങ്ങള്‍ വാങ്ങാനും നിരവധിയാളുകളും എത്തിയിരുന്നു.

ചേമ്പുകളുടെ അപൂര്‍വ്വ ശേഖരവും ഒട്ടനവധി മരുന്നു ചെടികളുമായാണ് പെരുവന്താനം പാലൂര്‍ കാവില്‍ നിന്നും ജോസ് എന്ന കര്‍ഷകന്‍ എത്തിയത്. ജോസിന്റെ സ്റ്റാളില്‍ കുടമലരന്‍ ചേമ്പ്, കറുത്ത കണ്ണന്‍ ചേമ്പ്, കുള ചേമ്പ്, താമര കണ്ണന്‍, ആറ്റുകണ്ണന്‍, മിസോറാം, കുട വാഴ ചേമ്പ്, പിണ്ഡാളന്‍ ചേമ്പ്, കണ്ണന്‍, മുട്ട ചേമ്പ്, ചെമ്പന്‍, പൊടി ചേമ്പ്, ചൊറിയന്‍ ചേമ്പ് തുടങ്ങി നിരവധി ഇനത്തിലുള്ള ചേമ്പുകളുടെ ശേഖരം തന്നെയുണ്ട്. ഇതിന് പുറമേ കാട്ടു നെല്ല്, പീനീസ് പയര്‍, അരിച്ചോളം, കടല പയര്‍, പോളന്‍പയര്‍ തുടങ്ങിയ വിത്തുകള്‍ വേറെയും. മരുന്ന് ചെടികളായ കിളിഞാറ, പഴുതാരചെടി, മുറുവൂട്ടി, നിലനാരകം, പനികൂര്‍ക്ക, ചതുരമുല്ല, മിന്റ് തുളസി, കൈയൂന്നി, ആടലോടകം, തിപ്പലി, പൊതിന എന്നിവയും ഇവിടെയുണ്ടായിരുന്നു.

കോവിലൂര്‍ വട്ടവട സെന്തില്‍ കുമാറും സംഘവും എത്തിയത് ശീതകാല വിളകളുമായാണ്. ഇതില്‍ ചുവന്ന കളര്‍ അരി കിട്ടുന്ന മല നെല്ല്, പഞ്ഞപ്പുല്ല് (റാഗി), ചുരുള കിഴങ്ങ്, സൂചി ഗോതമ്പ്, ബട്ടര്‍ ബീന്‍സ്, മിഠായി ബീന്‍സ്, ചമ്പാ ഗ്രീന്‍ ബീന്‍സ്, ചമ്പാ മല്ലി, സൂര്യകാന്തി വിത്ത്, ചുവന്നുള്ളി, സോയാ ബീന്‍സ്, വെള്ള മുരിങ്ങ ബീന്‍സ്, സ്ട്രോബറി, ശീത മേഖലയിലെ പാഷന്‍ ഫ്രൂട്ട് എന്നിവയുടെ വിത്തുകളും തൈകളുമുണ്ടായിരുന്നു.

കട്ടപ്പന, മൂന്നാര്‍ മേഖലകളില്‍ നിന്നും വിവിധ കര്‍ഷകര്‍ എത്തിച്ച കിഴങ്ങ് വര്‍ഗങ്ങളും ശ്രദ്ധേയമായി. നാടന്‍ ചേന, നെയ് ചേന, മല അരയന്‍ ചേമ്പ്, കടുവ കൈയ്യന്‍ കാച്ചില്‍, മേട്ട് കാച്ചില്‍, മരക്കാച്ചില്‍, തൂങ്കുഴിയന്‍ കാച്ചില്‍, നാരന്‍ ചേന, കയ്യാല പൊടി കാച്ചില്‍ എന്നിവ കട്ടപ്പനയില്‍ നിന്നും, കുഴി നിറയന്‍ ചേമ്പ്, ചെങ്ങഴനീര്‍ കിഴങ്ങ്, ഏബല്‍ റോസ് കപ്പ, മുള്ളന്‍ കിഴങ്ങ്, ഡാനി ഇസഡ് കപ്പ, മാമിക്കുട്ടി കപ്പ, പൂജ കദളി, അടതാപ്പ്, കരിമ്പ് എന്നിവ മൂന്നാറില്‍ നിന്നും എത്തിച്ചിരുന്നു.

15 രാജ്യങ്ങളില്‍ നിന്നുള്ള 24 വ്യത്യസ്ഥ ഇനം ആപ്പിള്‍ തൈകളാണ് വലിയ തോവാള ബിജു മോന്‍ ആന്റണിയുടെ മിറാക്കിള്‍ ഫാം ഹൗസിന്റെ പ്രത്യേക വിഭവങ്ങള്‍. ഇതില്‍ ഇന്ത്യയിലും ഇസ്രായേലിലും മാത്രമുള്ളതും 45 ഡിഗ്രി ചൂടിന് മുകളിലുള്ള കാലാവസ്ഥയിലും വിളയുന്നതുമായ നാലിനം ആപ്പിള്‍ തൈകളുമുണ്ടായിരുന്നു.

അടിമാലി കൊരങ്ങാട്ടി പുളിയന്‍ മാക്കല്‍ ജോണ്‍ ചേട്ടനെത്തിയത് 51 വ്യത്യസ്ഥ ഇനം നെല്ലുമായിട്ടാണ്. പച്ച വെള്ളത്തിലിട്ടാല്‍ വേവുന്നത്, പല രാജ്യത്ത് വിളയുന്നവ, കിലോയ്ക്ക് 500 രൂപ അരി വില വരുന്ന നെല്ല്, കഴിച്ചാല്‍ ശരീരത്തിലെ വിഷാംശം വലിച്ചെടുക്കുന്ന ഔഷധ ഗുണമുള്ളത് എന്നിങ്ങനെ വിവിധയിനങ്ങളുണ്ട് ഇക്കൂട്ടത്തില്‍. ഇതിന് പുറമേ വിവിധ തരത്തിലുള്ള കുരുമുളക് കൊടി തൈകളും ഉണ്ടായിരുന്നു.

ഇടവെട്ടി മീന്‍മുട്ടി വട്ടംകണ്ടത്തില്‍ ജെയ്മോന്റെയും ഭാര്യ സ്മിതയുടേയും സ്റ്റാളില്‍ നാട്ടിന്‍ പുറങ്ങളിലെ ഔഷധ സസ്യങ്ങള്‍ മുതല്‍ പൊതിച്ചപ്പോള്‍ ഒന്നര കിലോയോളം വരുന്ന തേങ്ങ വരെ ഉണ്ടായിരുന്നു. ഔഷധ മൂല്യമുള്ള ചെങ്ങഴുനീര്‍ കിഴങ്ങ്, കരിമഞ്ഞള്‍, ഗണപതി നാരങ്ങ, ചതുരപ്പുളി, ചുരക്ക തുടങ്ങിയവയും 15 ഇനം കിഴങ്ങുകള്‍, ഒമ്പതിനം പഴങ്ങള്‍, ആറിനം ചേമ്പ്, 19 പയറിനങ്ങളുടെ വിത്തുകള്‍, നാടന്‍ മഞ്ഞള്‍ പൊടി, കൂവപ്പൊടി, തേന്‍, നെയ് തുടങ്ങിയവയും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.
അപൂര്‍വ്വ ഔഷധ മൂല്യമുള്ള വിവിധ ചെടികളുടെ വിത്തും തൈകളുമായാണ് മൂലമറ്റത്ത് നിന്നും പാരമ്പര്യ മര്‍മ്മ വൈദ്യന്‍ ജെയിംസ് വൈദ്യന്‍, ഏലിയാമ്മ ജോസഫ്, റോസ് എന്നിവരെത്തിയത്. രുദ്രാക്ഷം, ഓരില, ഉണ്ണി പാവല്‍, കാട്ടു മുതിര, കാട്ടു പയര്‍, പെരും ചണ്ടി പയര്‍, കാട്ടുഴുന്ന്, നീല, വെള്ള ഇനങ്ങളിലെ ശംഖുപുഷ്പം, കരിമഞ്ഞള്‍, കരി ഇഞ്ചി, വള്ളി കാന്താരി, വെണ്‍ ചുണ്ട, കരിങ്ങാലി, ചെഞ്ചെല്ല്യം (തെള്ളി) എന്നിവയുടെ വിത്തുകളും ഊരകം, അടപതിയന്‍, നീല ചീനി എന്നിവയുടെ തൈകളും ഇവരുടെ സ്റ്റാളില്‍ ഓരുക്കിയിരുന്നു.