സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല വിത്തുത്സവം തൊടുപുഴ ടൗണ്‍ ഹാളില്‍ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഴമയുടേയും പാരമ്പര്യത്തിന്റെയും തനിമയും പ്രാധാന്യവും ഒരു കാലഘട്ടം കഴിയുമ്പോള്‍ ചരിത്രമായി മാറാതിരിക്കാനുള്ള പോരാട്ടമാണ് വിത്തുത്സവം പോലുള്ള പദ്ധതികളിലൂടെ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും നാട്ടിന്‍ പുറങ്ങളിലും പഴമ നിലനിര്‍ത്തിക്കൊണ്ടുള്ള കാര്‍ഷിക സംരംഭം വേണം. ആധുനിക ഭക്ഷണ രീതികൊണ്ടുള്ള ജീവിത ശൈലീ രോഗങ്ങള്‍ പോലും പാരമ്പര്യ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. പുതിയതായി രംഗത്തേക്ക് ആളുകള്‍ വരുന്നത് ഏറെ പ്രതീക്ഷയേകുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയോടനുബന്ധിച്ച് കാര്‍ഷിക പാരമ്പര്യം വരും തലമുറക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് തനത് വിത്തിനങ്ങളുടെ പ്രദര്‍ശനം, തനതിനങ്ങളുടെ സംരക്ഷക കര്‍ഷകരെ ആദരിക്കല്‍, വിത്ത് കൈമാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, പരമ്പരാഗത ഗോത്ര കലാവിരുന്ന് എന്നിവയും സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്ക് 50,000 രൂപ വീതവും 80 കര്‍ഷകര്‍ക്ക് 5000 രൂപ വീതവും നേരത്തെ കൈമാറിയിരുന്നു.

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷനായി. ഡോ. സി.കെ. പീതാംബരന്‍, ഡോ. സി.കെ. ഷാജു, ഡോ. ടി.എ. സുരേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫാം സ്‌കൂള്‍ കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും നടത്തി.