ഒരുമനയൂര്‍ പഞ്ചായത്തിലെ മാങ്ങോട്ട് അമ്പലത്താഴത്ത് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താഖ് അലി നിര്‍വഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നാല്‍പതോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും.

2019-20, 20-21 സാമ്പത്തിക വര്‍ഷത്തിലുള്‍പെടുത്തി 16 ലക്ഷം രൂപയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് 5 ലക്ഷം, ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ എന്നീ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചത്.
അയ്യായിരം ലിറ്റര്‍ വെള്ളം സംഭരണശേഷിയുള്ള രണ്ട് ടാങ്കാണ് പദ്ധതിക്കായി തയ്യാറാക്കിയിട്ടുള്ളത്. കിണറ്റില്‍ നിന്നുള്ള വെള്ളം ശുചീകരിച്ചു ടാങ്കില്‍ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിലവിലുള്ള കിണറിന് സമീപം പിവിസി ടാങ്ക് സൂക്ഷിക്കുന്നതിനും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പ്ലാറ്റ്‌ഫോം ഒരുക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ മോട്ടോര്‍, അനുബന്ധ ഉപകരണങ്ങള്‍, പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, ഫില്‍റ്ററേഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയത്.

മാങ്ങോട്ട് അമ്പലത്താഴത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിസി ഷാഹിബാന്‍ അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി രവീന്ദ്രൻ , സെക്രട്ടറി കെ.വി. അനുപമ, സ്ഥിരം സമിതി അധ്യക്ഷരായ കെ എച്ച് കയ്യുമ്മു, കെ വി കബീർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു