* ജലസ്രോതസ്സുകളിൽ തെളിനീരൊഴുക്കൽ പുതിയ ലക്ഷ്യം
ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, കൃഷി എന്നിവയിലൂടെ വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിക്കുന്നത്. സംസ്ഥാനം നേരിടുന്ന ഗുരുതരപ്രശ്നങ്ങളിൽ നിന്നുളള മോചനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജലസ്രോതസ്സുകളുടെ വിവേക പൂർണമായ ഉപയോഗം, കുളങ്ങൾ, തടാകങ്ങൾ, കിണറുകൾ, ചതുപ്പു നിലങ്ങളുടെ ശുചിത്വം, പുനഃരുപയോഗം തുടങ്ങി പ്രാദേശികതലത്തിൽ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന പുതിയ ജലഉപഭോഗ സംസ്‌കാരം ഈ പദ്ധതിയിലൂടെ നടപ്പാക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിതകേരളം മിഷൻ സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കുന്നത്. സർക്കാരിതര സംഘടനകൾ, പൗരസമിതികൾ, ബഹുജനസംഘടനകൾ, വിദ്യാഭ്യാസ-ആരോഗ്യ ജനകീയ കൂട്ടായ്മകൾ, മതസ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്‌ക്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്നവരുടെ സാങ്കേതിക-സാമ്പത്തിക-സന്നദ്ധസേവന സഹായങ്ങൾ ഏകോപിപ്പിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്.
ഹരിതകേരള മിഷന്റെ പ്രധാനപ്പെട്ട രണ്ട് പദ്ധതികളായി ആരംഭിച്ചവയാണ് ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം എന്നിവ. സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനായി നീർചാലുകൾ, തോടുകൾ, പുഴകൾ, കുളങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയും, ആഴം കൂട്ടേണ്ടയിടത്ത് ആഴം കൂട്ടിയും വെള്ളത്തിന് സുഗമമായി ഒഴുകുന്നതിന് വഴി ഉണ്ടാക്കുകയുമാണ് ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയിലൂടെ. പ്രളയത്തെ നേരിട്ട കേരളത്തിന് ഇത്തരത്തിൽ ഒരു മാറ്റം അനിവാര്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതെ ഒഴുകി പോകാനുള്ള വഴി ഉണ്ടാക്കിയത്.
ജലസംരക്ഷണവും ജലസുരക്ഷയും മുൻനിർത്തി നാല് വർഷത്തിനുള്ളിൽ 412 കിലോമീറ്റർ പുഴകൾ, 45,736 കിലോമീറ്റർ തോടുകൾ/നീർച്ചാലുകൾ എന്നിവ പുനരുജ്ജീവിപ്പിച്ചു. 26,259 കുളങ്ങളുടെ നവീകരണം, 20,990 കുളങ്ങളുടെ നിർമ്മാണം, 13,968 കിണറുകളുടെ നവീകരണം, 26,568 കിണറുകളുടെ നിർമ്മാണം, 64,950 കിണറുകളുടെ റീചാർജ്ജിങ് എന്നിവ പദ്ധതി വഴി നടപ്പാക്കി. എല്ലാ ജില്ലകളിലുമായി 574.369 ഏക്കർ വിസ്തൃതിയിൽ പച്ചത്തുരുത്ത് നിർമ്മിക്കുകയും ചെയ്തു. പ്രളയപ്രദേശങ്ങളിൽ നിന്നും ശുചീകരണ പ്രവർത്തനങ്ങളിലൂടെ 26,656.485 മെട്രിക് ടൺ മാലിന്യമാണ് 2018-2020ൽ നീക്കം ചെയ്തത്.
ജലസ്രോതസുകൾക്ക് തടസങ്ങളില്ലാതെ ഒഴുകാനുളള വഴി ഒരുക്കുന്നിനൊപ്പം ആ ജലം മാലിന്യങ്ങളില്ലാതെ പൊതുജനങ്ങൾക്ക് നിത്യവൃത്തിക്കായി ഉപയോഗിക്കാൻ പാകത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തെളിനീരൊഴുകും നവകേരള പദ്ധതി ആവിഷ്‌ക്കരിച്ചത്. കുടിവെളളമായും ജലസ്രോതസുകൾ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലേക്ക് മാറ്റുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ജലമലിനീകരണം ഉണ്ടാക്കുന്നത് എങ്ങനെ ഒഴിവാക്കാം, ജലമലിനീകരണം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് പൊതുജനങ്ങളെ പറഞ്ഞ് മനസിലാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് എങ്ങനെ, പൗരനെന്ന നിലയിൽ ചെയ്യേണ്ടത് എന്തെല്ലാം, ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിച്ചാലുള്ള ശിക്ഷാ നടപടി തുടങ്ങിയ കാര്യങ്ങളാണ് സമ്പൂർണ്ണ ജലശുചിത്വ യജ്ഞമായ തെളിനീരൊഴുകും നവകേരളം പദ്ധതിയിലൂടെ നടപ്പാക്കാൻ പോകുന്നത്.
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനൊപ്പം കേരളത്തെ മാലിന്യമുക്തമാക്കി പച്ചതുരുത്തുകൾ വെച്ചുപിടിപ്പിച്ച് കൃഷിയിലൂടെ സ്വയം പര്യാപ്തരാക്കുകയാണ് ഹരിതകേരളം മിഷൻ. പരിസ്ഥിതി സംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കി പൊതുജനങ്ങളിൽ അവബോധം വളർത്താനും അവ പ്രാവർത്തികമാക്കാനും ഹരിതകേരളം മിഷന് സാധിച്ചിട്ടുണ്ട്.