ജില്ലയില്‍ നവീകരിച്ച് മൂന്ന് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍കൂടി റവന്യു മന്ത്രി കെ. രാജൻ നാടിന് സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടവയല്‍, അമ്പലവയല്‍, വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി എന്നീ വില്ലേജ് ഓഫീസ് കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

അഞ്ച് ലക്ഷം രൂപ ചിലവില്‍ നടവയല്‍ വില്ലേജ് ഓഫീസ് കെട്ടിടവും, 14 ലക്ഷം രൂപ ചിലവില്‍ അമ്പലയവല്‍ വില്ലേജ് ഓഫീസ് കെട്ടിടവും 14.46 ലക്ഷം രൂപ ചിലവില്‍ വെങ്ങപ്പള്ളി വില്ലേജ് ഓഫീസ് കെട്ടിടവും ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നവീകരിച്ചത്.

നടവയല്‍ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലക്യഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ഗീത, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍, എ.ഡി.എം എന്‍.ഐ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു. പഴയ കെട്ടിടം മുഴുവനായി നവീകരിച്ച് കെട്ടിടത്തിന്റെ റൂഫിങ്, ഫ്‌ലോറിങ്, സിലിംങ്ങ്, റീ
വയറിങ്, ഭിന്നശേഷിക്കാര്‍ക്ക് ഓഫീസിലെക്ക് പ്രവേശിക്കാന്‍ റാംപ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഓഫീസ് നവീകരണം.

അമ്പലവയല്‍ വിലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളകടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്. ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ എം.വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ടോയ്ലറ്റ് സൗകര്യത്തോടു കൂടിയുള്ള 2 റൂമുകള്‍, ബില്‍ഡിംഗിലുടനീളം സീലിംഗ് വര്‍ക്ക്, പെയിന്റിംഗ്, റീ വയറിംഗ്, വിട്രിഫൈഡ് ടൈല്‍ ഫ്ലോറിംഗ് , ഗ്രില്‍ വര്‍ക്ക്, പാര്‍ട്ടീഷന്‍ വര്‍ക്കുകള്‍, കെട്ടിടത്തിന്റെ പിറകു വശത്തെ മതില്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക്, റാമ്പ് നിര്‍മ്മാണം, എസ് പി ബോര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയാണ് വെങ്ങപ്പള്ളിയില്‍ കെട്ടിടം നവീകരിച്ചിരിക്കുന്നത്.

വെങ്ങപ്പള്ളി വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.