ഗോത്ര വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംസ്ഥാനതല പഠനത്തിന്റെ ഭാഗമായി സീമാറ്റ് കേരളയുടെയും ഡയറ്റിന്റെയും നേതൃത്വത്തില്‍ ബത്തേരിയില്‍ ശില്പശാല സംഘടിപ്പിച്ചു. ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സീമാറ്റ് ഡയറക്ടര്‍ ഡോ.എച്ച് സാബു ഉദ്ഘാടനം ചെയ്തു. വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: ടി.കെ അബാസലി അദ്ധ്യക്ഷത വഹിച്ചു.
വിദ്യാലയങ്ങളില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ഥികളുടെ അമിതമായ കൊഴിഞ്ഞുപോക്ക്, വിദ്യാര്‍ഥികള്‍ നേരിടുന്ന സാമൂഹിക, സാംസ്‌ക്കാരിക വെല്ലുവിളികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ശില്പശാലയില്‍ ചര്‍ച്ച നടന്നു. ഗ്രൂപ്പുകളായി തിരിച്ചാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. ആദിവാസി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തേണ്ട ആസൂത്രണങ്ങളെക്കുറിച്ചും പാഠ്യ പാഠ്യേതര വിഷയങ്ങളെക്കുറിച്ചും ശില്‍പശാലയില്‍ ചര്‍ച്ച നടന്നു.
സീമാറ്റ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദിവിന്‍ മുരികേശ് ചര്‍ച്ചക്ക് നേതൃത്വം നല്കി, സീമാറ്റ് റിസര്‍ച്ച് ഓഫീസര്‍ സജി എം.ഒ, ഡയറ്റ് ലക്ചറര്‍ ഡോ.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.