ചുരുങ്ങിയ ചെലവില്‍ ഗുണമേന്മയുള്ള കുടിവെള്ളം യാത്രക്കാര്‍ക്കും മറ്റും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂരില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചു. നഗരസഭയുടെ 2021-22 ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം സ്ഥാപിച്ച വാട്ടര്‍ എടിഎം അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

നഗരസഭ ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി കേരള സംസ്ഥാന ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് എടിഎം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എടിഎം വെന്റിങ് മെഷിനില്‍ ഒരു രൂപ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ വെള്ളവും അഞ്ചു രൂപ നിക്ഷേപിച്ചാല്‍ അഞ്ചു ലിറ്റര്‍ വെള്ളവും ലഭിക്കുന്ന രീതിയിലാണ് എടിഎമ്മിന്റെ സജ്ജീകരണം.

നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, കൗണ്‍സിലര്‍മാരായ എല്‍സി പോള്‍, ഷീല പണിക്കശ്ശേരി, ടി എസ് സജീവന്‍, ഇ ജെ ഹിമേഷ്, സി എസ് സുമേഷ്, ബീന ശിവദാസന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.