കണ്ണൂര്‍: പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ക്ലാസ് റൂം ലൈബ്രറികള്‍ ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 23 സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലാണ് ലൈബ്രറികള്‍ സജ്ജീകരിക്കുന്നത്. ഇതിന്നാവശ്യമായ അലമാരകള്‍ ഓരോ സ്‌കൂളുകളിലും എത്തിച്ചുതുടങ്ങി. ഓരോ ക്ലാസ് റൂമിലും ഓരോ അലമാര വീതമാണ് നല്‍കുന്നത്. പുസ്തകങ്ങള്‍ കുട്ടികളില്‍ നിന്നും മറ്റും ശേഖരിച്ച് മികച്ച ലൈബ്രറികള്‍ ഓരോ ക്ലാസ്സിലും ഒരുക്കാനാണ് പദ്ധതി.

പാഠപുസ്തകങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണത വിദ്യാര്‍ഥികളില്‍ കൂടിവരികയാണെന്നും സിലബസിനപ്പുറത്തെ വിശാലമായ ലോകത്തേക്ക് കിളിവാതില്‍ തുറന്നുവയ്ക്കുകയാണ് ക്ലാസ് റൂം ലൈബ്രറി പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. റബ്‌കോ വഴിയാണ് അലമാരകള്‍ സ്‌കൂളുകളിലെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പെരിങ്ങോം, രയരോം, ശ്രീപുരം, ഇരിക്കൂര്‍, ഉളിക്കല്‍, പാല, ആറളം, മാലൂര്‍, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കതിരൂര്‍, പാലയാട്, വേങ്ങാട്, ചാല, എടയന്നൂര്‍, ചട്ടുകപ്പാറ, കണ്ണാടിപ്പറമ്പ്, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂല്‍, കുഞ്ഞിമംഗലം, ചുഴലി, മാതമംഗലം എന്നിവിടങ്ങളിലെ ഗവ. ഹൈസ്‌ക്കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളുകളിലായി 221 അലമാരകളാണ് വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ബാക്കി സ്‌കൂളുകള്‍ക്ക് അടുത്ത ഘട്ടത്തില്‍ ഇവ വിതരണം ചെയ്യും.

വിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം, ഭൗതികസാഹചര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് 17 കോടി രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം നടപ്പാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കെട്ടിടനിര്‍മാണത്തിന് 9.3 കോടിയും അറ്റകുറ്റപ്പണിക്കായി 5.88 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒന്നാംക്ലാസ് ഒന്നാന്തരമാക്കുന്ന പദ്ധതിക്ക് 50 ലക്ഷം, വിദ്യാലയങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് 18 ലക്ഷം, ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 32 ലക്ഷം, കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 30 ലക്ഷം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിന് 10 ലക്ഷം, സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം, സയന്‍സ് ഫെസ്റ്റിന് 80 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇവയില്‍ പല പദ്ധതികളും ആരംഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു.