ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുഷ്പമേളയുടെ ലോഗോ പ്രകാശനം ചെയ്യും. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായും അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് മൂന്നാര്‍ പുഷ്പമേള നടക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിച്ചിരിക്കുന്ന ആയിരത്തോളം പുഷ്പങ്ങളും ചെടികളുമാണ് ഇത്തവണ മേളക്കായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരുടെ നേത്യത്വത്തില്‍ ദിവസവും വിവിധ കലാപരിപാടികളും നടക്കും.

നാടന്‍ കലാരൂപങ്ങളും ആദിവാസി ന്യത്തരൂപങ്ങളും പുഷ്പമേളയുടെ ഭാഗമായി അരങ്ങേറും. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, ഡി റ്റി പി സി സെക്രട്ടറി ജിതീഷ് ജോസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരണയോഗത്തില്‍ പങ്കെടുത്തു.