ജനക്ഷേമ പദ്ധതികളിലൂടെ ജനകീയ വികസനം മുഖമുദ്രയാക്കിയ ഉണരുന്ന കേരളത്തിന്റെ ചിത്രങ്ങൾ കാൻവാസിലൊരുക്കി ചിത്രകാര കൂട്ടായ്മ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന എന്റെ കേരളം പ്രദർശനത്തിന്റെ പ്രവേശന കവാടത്തിനോട് ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. ഉണരുന്ന കേരളം ചിത്രരചന കണ്ണൂർ എഡിഎം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.
120 അടി നീളവും ആറടി പൊക്കവുമുള്ള വലിയ ക്യാൻവാസിൽ എമൾഷൻ പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. അരുൺ ചാലാടിന്റെ നേതൃത്വത്തിൽ അനൂപ് കൈതേരി, ലിജിന എടക്കാട്, സരേഷ് കൂത്തുപറമ്പ്, നീതു പിണറായി, പ്രജിത്ത് തളിയിൽ എന്നിവരാണ് വരക്കുന്നത്.
ക്ഷേമ പെൻഷൻ, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, കെ റെയിൽ എന്നിങ്ങനെ കേരളത്തിന്റെ സർവതലസ്പർശിയായ നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ചിത്രീകരിച്ചിട്ടുള്ളത്. ശനിയാഴ്ച ചിത്രരചന പൂർത്തിയാകും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, മാനേജർ പി വി രവീന്ദ്രകുമാർ, പി ആർ ഡി അസിസ്റ്റൻറ് എഡിറ്റർ പി പി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.