ആലപ്പുഴ: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമർഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന നടത്തുന്ന വിഷു- ഈസ്റ്റര്‍- റംസാന്‍ സഹകരണ വിപണിക്ക് 2022 എപ്രില്‍ 12ന് തുടക്കമാകും. വിപണിയുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ നിര്‍വഹിക്കും.

കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അംഗം കെ. മധുസൂദനന്‍ ആദ്യ വില്‍പ്പന നടത്തും. കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനലും കേരള ബാങ്ക് ഡയറക്ടര്‍ എം. സത്യപാലനും മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിബിന്‍ സി. ബാബു, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍, കാര്‍ത്തികപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എസ്. നസീം, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ ജി. ബാബുരാജ്, പാട്രിക് ഫ്രാന്‍സീസ്, കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍ ആര്‍. ജയകുമാര്‍, ബാങ്ക് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണിയില്‍ 12 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. മറ്റ് അവശ്യ വസ്തുക്കള്‍ക്ക് 15 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്. വിപണി ഈ മാസം 18 വരെ തുടരും.