ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന-മന്ത്രി കെ. രാധാകൃഷ്ണന്‍

ആലപ്പുഴ: ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതുവഴി ഭക്തരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദേവസ്വം വകുപ്പും ബോര്‍ഡും മുന്‍ഗണ നല്‍കിവരുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ക്ഷേത്രങ്ങളില്‍ വരുമാന പ്രതിസന്ധി ഉണ്ടായ ഘട്ടത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്ന് തുക അനുവദിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വരുമാനവും വിരമിച്ചവരുടെ പെന്‍ഷന്‍ തുകയും നല്‍കി. 255 കോടി രൂപയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ദേവസ്വം ബോര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 150 കോടി രൂപ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങില്‍ ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുടെ സഹായത്തോടെ 10.47 കോടി രൂപ വിനിയോഗിച്ചാണ് ഇവിടെ ഇടത്താവള പദ്ധതി നടപ്പാക്കുന്നത്. മഹാദേവ ക്ഷേത്രത്തിനു സമീപമായി അയ്യപ്പ ഭക്തര്‍ക്കായി വിശ്രമ കേന്ദ്രവും അന്നദാന ബ്ലോക്കും ഒരുക്കും. ഇരുനിലകളിലായി നിര്‍മിക്കുന്ന ഇടത്താവളത്തില്‍ അയ്യപ്പന്മാര്‍ക്കുള്ള വിശ്രമ കേന്ദ്രം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഡോര്‍മെറ്ററി, ശുചിമുറി, പാചകശാല, ഊട്ടുപുര, ലിഫ്റ്റ്, വിശാലമായ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളും സജ്ജീകരിക്കും.

യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ആര്‍. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത മോഹന്‍, ജി. ആതിര, മഞ്ജുളാ ദേവി, നഗരസഭാംഗം ശ്രീദേവി ബാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. എസ്. പ്രകാശ്, എം.എച്ച് റഷീദ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.