രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് ന നടക്കുന്ന പ്രദർശന – വിപണനമേളയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയ്ക്ക് ഇന്ന് (ഏപ്രിൽ 13 ) തുടക്കമാകും. രാവിലെ 10 ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ എൻ. ജയരാജ് പ്രചാരണ യാത്ര ഫ്ലാഗ് ചെയ്യും. തത്സമയ ക്വിസ് പരിപാടി, കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.വാഴൂർ ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ , ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ. ഗിരീഷ് കുമാർ , ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പങ്കെടുക്കും.

തുടർന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ കാഞ്ഞിരപ്പള്ളി, മണിമല വെള്ളാവൂർ എന്നിവിടങ്ങളിലും 14 ന് കൊടുങ്ങൂർ, പള്ളിക്കത്തോട് , പത്തനാട് , കറുകച്ചാൽ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകുന്നവർക്ക് ട്രോഫിയും പുസ്തകവും സമ്മാനമായി നൽകും.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഏപ്രിൽ 16, 17 തീയതികളിലും വൈക്കത്ത് 18, 19 തീയതികളിലും പ്രചാരണ യാത്ര നടത്തും .