കൊച്ചി: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലുള്ള അംഗന്‍വാടി ജീവനക്കാര്‍ക്ക് പരിശീലനവും അമ്മമാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. മുലയൂട്ടല്‍  ജീവിതത്തിന്റെ അടിത്തറ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം.
ബോധവത്കരണ, പരിശീലന പരിപാടികളുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി നിര്‍വ്വഹിച്ചു. തൃപ്പൂണിത്തുറയാണ് കേരളത്തില്‍ ആദ്യമായി അറിവിന്റെ മികവിലേക്ക് എന്ന പേരില്‍ അംഗന്‍വാടികള്‍ ഹൈടെക് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഐ.സി.ഡി.എസ് ആവിഷ്‌കരിക്കുന്ന പദ്ധതികളോട് എന്നും നഗരസഭ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നാളത്തെ  തലമുറയെ വാര്‍ത്തെടുക്കുന്ന  അംഗന്‍വാടികളുടെ കാര്യത്തില്‍ എല്ലാവിധ സഹകരണങ്ങളും തുടര്‍ന്നും ഉണ്ടാകുമെന്നും അവര്‍ ഉറപ്പ് നല്‍കി.
മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് മുളന്തുരുത്തി ഐ.സി.ഡി.എസ് പുറത്തിറക്കിയ പത്രികയുടെ പ്രകാശനം  ചെയര്‍പേഴ്‌സണ്‍ ഐ.സി.ഡി.എസ് പ്രോജക്ട് ലീഡര്‍ കുമാരിക്ക് നല്‍കി നിര്‍വ്വഹിച്ചു.
കുഞ്ഞു ജനിച്ച് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വിവരിക്കുന്ന ക്ലാസ്  രാജഗിരി  എം.എല്‍.ടി.സി ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ആശ നയിച്ചു.  മാതൃശിശു സംരക്ഷണം അംഗന്‍വാടി കേന്ദ്രീകരിച്ച് എപ്പോള്‍ മുതല്‍ ആരംഭിക്കണം എന്നു വരെ തുടരണം, സംരക്ഷണം കാര്യക്ഷമമായി നടപ്പാക്കുന്നത് എങ്ങനെ എന്നിങ്ങനെ വിവിധ മേഖലകളെ അധികരിച്ച് ക്ലാസുകളും, അംഗന്‍വാടി ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി. മാതൃശിശു സംരക്ഷണ മേഖല നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും യോഗം ചര്‍ച്ചചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യം വിവരിക്കുന്ന  അംഗന്‍വാടി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ചെറു നാടകവും അരങ്ങേറി.
മാതൃശിശു സംരക്ഷണ കാര്‍ഡിന്റെ ഫലപ്രദമായ ഉപയോഗവും കുട്ടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അതിന്റെ പ്രാധാന്യവും ക്ലാസില്‍ വിവരിച്ചു. അംഗന്‍വാടികളുടെ കീഴില്‍ മാത്രം നടക്കുന്ന കുട്ടികളുടെ പോഷകാഹാര വിതരണം, വളര്‍ച്ച നിരീക്ഷണം, പരാമര്‍ശ സേവനം, മാതാപിതാക്കളുടെ ബോധവല്‍ക്കരണം എന്നിവയുടെ പ്രാധാന്യവും അവ  ഫലപ്രദമായി  നടപ്പാക്കേണ്ട രീതിയും ക്ലാസില്‍ വ്യക്തമാക്കി.
തൃപ്പൂണിത്തുറ നഗരസഭ  വൈസ് ചെയര്‍മാന്‍ ഒ.വി സലിമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ  സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍കുട്ടി, നഗരസഭാംഗങ്ങളായ  വിജയകുമാര്‍, സത്യവ്രതന്‍, തിരുവാങ്കുളം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഈശ്വരി എസ് .എസ്, ഇന്ദു വി.എസ്, നാഷണല്‍ ന്യൂട്രിഷന്‍ ബോര്‍ഡ് അംഗങ്ങളായ സിന്ധു, ജിജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡീഷണല്‍ ഐ.സി.ഡി.എസിന്റെ കീഴില്‍ നടത്തിയ മത്സരത്തില്‍ വിജയികളായ  കുട്ടികള്‍ക്ക് സമ്മാനം നല്‍കി. അമ്മമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പോഷകാഹാര  പാചക മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. മികച്ച അംഗന്‍വാടി ജീവനക്കാരായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു പി.കെ, വിനീത എന്നിവരെ അനുമോദിച്ചു.
ക്യാപ്ഷന്‍: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് മുളന്തുരുത്തി അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലുള്ള അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പരിശീലനവും അമ്മമാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും തൃപ്പൂണിത്തുറ  നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യുന്നു