75 ാം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം വെസ്റ്റ് ബംഗാളിന്. രാവിലെ 9.30 ന് കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61- ാം മിനുട്ടില്‍ ശുഭാം ഭൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയുടെ 12 ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടി അകറ്റി. 20 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് താരം ജഷ്ദീപ് സിങ് തട്ടിഅകറ്റി. മൂന്ന് മിനുട്ടിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നല്‍ക്കിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളി അനായാസം പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 43 ാം മിനുട്ടില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചു. പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ച തരുണ്‍ സ്ലാത്തിയ പുറത്തേക്ക് അടിച്ചു.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ഭൗമിക് തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി എന്നാല്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61 ാം മിനുട്ടില്‍ വെസ്റ്റ് ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍. നാല് മിനുട്ടിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. അധിക സമയം അവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ 89 ാം മിനുട്ടില്‍ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതു വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നീട്ടിനല്‍കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തി.