കേരളത്തിലെ സമസ്ത മേഖലകളിലെയും പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന സഹകരണ മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹകരണ മേഖലയിലെ ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളും ഉത്പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായി വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെയാണ് സഹകരണ എക്‌സ്‌പോ 2022 സംഘടിപ്പിക്കുന്നത്. 18 ന് വൈകിട്ട് ഏഴ് മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സഹകരണ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തല്‍ കൂടിയാണ് സഹകരണ എക്‌സ്‌പോ 2022.

സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കു നിര്‍മ്മിച്ച മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സഹകരണ എക്‌സ്‌പോ 2022 ല്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ പങ്കെടുക്കുന്ന സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ രംഗത്തും മികവ് തെളിയിച്ചവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അതു സംബന്ധിച്ച വിശദമായ ചര്‍ച്ചകളും സെമിനാറില്‍ നടക്കും. പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിലവിലുള്ളവയില്‍ കൂടുതല്‍ വ്യക്തത വരുത്തി കുറ്റമറ്റതാക്കുന്നതിനും ഈ അവസരം പ്രയോജനകരമാകും.
മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സ്റ്റീഫന്‍ ദേവസി, ഗൗരി ലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഇപ്റ്റയുടെ നാട്ടരങ്ങ്, ഊരാളി ബാന്‍ഡ്, കൃഷ്ണ പ്രഭ ജയിന്‍കാ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ആത്മയുടെ ടിവി ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

60000 ചതുരശ്ര അടിയിൽ 210 പവലിയനുകളാണ് മേളയിലുള്ളത്. യുഎല്‍സിസിഎസ്, മില്‍മ, മത്സ്യഫെഡ്, റെയ്ഡ് കോ, റബ്‌കോ, കണ്‍സ്യൂമര്‍ഫെഡ്, കേര ഫെഡ്, എന്‍എംഡിസി, കേരള ബാങ്ക് എന്നിവയ്ക്കു പുറമെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഉത്പ്പാദക സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് യുവജന സഹകരണ സംഘങ്ങളും മേളയില്‍ പ്രദര്‍ശനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. 8000 സ്‌ക്വയര്‍ ഫീറ്റില്‍ ഭക്ഷണ വൈവിദ്ധ്യങ്ങളുമായി ഫുഡ് കോര്‍ട്ടും എക്‌സ്‌പോയില്‍ സജ്ജമാക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും സഹകരണ എക്‌സ്‌പോ നടക്കുക. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.

സഹകരണ എക്‌സ്‌പോയുടെ ഭാഗമായി പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ക്രെഡിറ്റ് സംഘം, അപ്പക്‌സ് സ്ഥാപനം, പ്രാഥമിക കാര്‍ഷിക സഹകരണ സംഘം, ആശുപത്രി സഹകരണ സംഘം, മിസലിനിയസ് സംഘം തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. മികച്ച പങ്കാളിത്തത്തിന് ജില്ലകള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സഹകരണ സംഘങ്ങളുടെ മികച്ച സ്റ്റാള്‍, എസ് സി/എസ് ടി സംഘങ്ങളുടെ മികച്ച സ്റ്റാള്‍, യുവജന സംഘങ്ങളുടെ സ്റ്റാള്‍ എന്നിവയ്ക്കും പുരസ്‌കാരം നല്‍കും.
അതുകൊണ്ടു തന്നെ എക്‌സ്‌പോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, വെബ് മീഡീയ, എഫ്എം റേഡിയോ, അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോ ഗ്രാഫര്‍, മികച്ച ന്യൂസ് ക്യാമറാ പേഴ്‌സന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മാധ്യമ അവാര്‍ഡുകള്‍. പ്രശസ്തി പത്രവും ശില്‍പ്പവും ക്യാഷ് അവാര്‍ഡുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതു ജനങ്ങള്‍ക്കായും മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. സഹകരണ മേഖലയും ജനങ്ങളും എന്ന വിഷയത്തില്‍ വീഡിയോ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്.