ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി അമിതവില ഈടാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി സിവില്‍സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് അടിമാലി മേഖലയിലെ വ്യാപാരശാലകളില്‍ പരിശോധന നടത്തി. അടിമാലി മാര്‍ക്കറ്റ് പരിസരത്തുനിന്നായിരുന്നു പരിശോധന ആരംഭിച്ചത്. പഴം, പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങള്‍, മത്സ്യ, മാംസ വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെയും സംഘം പരിശോധനക്കായി എത്തി. കൃത്യമായി വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്ക് പരിശോധന സംഘം മുന്നറിയിപ്പ് നല്‍കി. അമിതവില ഈടാക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീത് നല്‍കുമെന്നും ആവര്‍ത്തിച്ചാല്‍ തുടര്‍ നടപടികളിലേക്ക് പോകുമെന്നും പരിശോധനാസംഘം അറിയിച്ചു. സംസ്ഥാനത്താകെ നടക്കുന്ന പൊതുവിപണി പരിശോധനയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും പരിശോധന നടന്നത്. അടിമാലിക്ക് പുറമെ കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍ മേഖലകളിലും സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ മൂന്നാറടക്കമുള്ള പ്രദേശങ്ങളില്‍ പരിശോധന നടക്കുമെന്നും റംസാന്‍ വരെ പരിശോധന തുടരുമെന്നും ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ദേവികുളം താലൂക്ക് സപ്ലൈഓഫീസര്‍ സുരേഷ് വി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ജയന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.