ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ബാങ്ക് ഹാളിൽ ഹീമോഫീലിയ ദിനാചരണം നടത്തി. അൻവർസാദത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജെബി മേത്തർ എം.പിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത്ത് ജോൺ ലോക ഹീമോഫീലിയ ദിനാചരണസന്ദേശം നൽകി.

നഗരസഭ ചെയർമാൻ എം.ഒ.ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ.ജോമി, ഹീമോഫീലിയ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എൻ.വിജയകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു. ഹീമോഫീലിയ രോഗികൾക്ക് വേണ്ടി പരിശോധനാ ക്യാമ്പും ബോധവത്ക്കരണ ക്ലാസുകളും നടത്തി.

എല്ലാവരുടേയും പങ്കാളിത്തവും ചികിത്സാ ലഭ്യതയും എന്നതാണ് ഈ വർഷത്തെ ഹീമോഫീലിയ ദിന സന്ദേശം.
രോഗ നിർണയം, കൗൺസലിംഗ്, ഫാക്ടർ ട്രീറ്റ്മെന്റ്, ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നീ സൗകര്യങ്ങളോടെയാണ് ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏക ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററാണ് ആലുവയിലേത്. എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്.