കേരളത്തിന്റെ വികസനം ഈടുറ്റത്തും മികച്ചതുമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനത്തെ ഗതാഗതസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78.894 കിമി നീളത്തിലും 70 മീറ്റർ വീതിയിലുമുളള ഔട്ട് റിംഗ് റോഡ് നിർമ്മാണം നടന്നുവരികയാണ്. ഔട്ടർ റിംഗിനൊപ്പം നഗരപാതകളുടെ വികസനവും ഇതിനോടൊപ്പം യാഥാർത്ഥ്യമാക്കാനുളള തയ്യാറെടുപ്പിലാണ് സർക്കാർ. കണ്ണൂർ നഗരപാതാ വികസനപദ്ധതി, ആലപ്പുഴ നഗര റോഡ് വികസന പദ്ധതിയും പുരോഗമിക്കുകയാണ്.

926 ഏക്കർ (375 ഹെക്ടർ) സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് പദ്ധതിയ്ക്കായി 871 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നത്. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കും. ഭാവിയിൽ ആറ് വരി പാതയായി വികസിപ്പിക്കാനാവുംവിധമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തലസ്ഥാന നഗരത്തിലെ തിരക്ക് വലിയ രീതിയിൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. വെങ്ങാനൂർ, കല്ലിയൂർ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, പൂവച്ചൽ, അരുവിക്കര, കരകുളം, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് ഔട്ടർ റിംഗ് റോഡ്. ഔട്ടർ റിംഗ് റോഡ് യാഥാർഥ്യമാകുന്നതോടെ തലസ്ഥാനത്തിനൊപ്പം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും വേഗം വർധിക്കും. തലസ്ഥാനനഗരത്തിനു പുറത്തു മികച്ച യാത്രാസൗകര്യം ലഭിക്കുമെന്നതിനു പുറമെ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വേഗത്തിൽ ചരക്കുനീക്കാനുള്ള വലിയസാധ്യതയും റിംഗ് റോഡ് തുറക്കും.

പതിനൊന്ന് കോറിഡോറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കണ്ണൂർ നഗരത്തിന്റെ ഗതാഗത കുരുക്ക് അഴക്കാനുളള പദ്ധതിയാണ് കണ്ണൂർ നഗരപാതാ വികസന പദ്ധതി. കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. 401.467 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 26 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എസ്പിസിഎ ജംങ്ഷനിൽ നിന്നുള്ള ജയിൽ റോഡ്, മുനീശ്വരൻ കോവിൽ ജംങ്ഷനിൽ നിന്നുളള ഇന്നർ റിംഗ് റോഡ്, ഓഫീസേഴ്സ് ക്ലബ് ജംങ്ഷനിൽ നിന്നുള്ള പട്ടാളം റോഡ് എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം സാമൂഹിക ആഘാതപഠനം നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ പട്ടണം നഗരവികസന പദ്ധതിയുടെ ഭാഗമായി റോഡ് വികസനം നടക്കുന്നുണ്ട്. കൈതവനയിൽ നിന്നും കളർകോഡ് വരെയുളള മൂന്ന് റോഡുകളുടെ വികസനം പൂർത്തിയായി. ആലപ്പുഴ നഗരവികസന പദ്ധതിയിൽ 20 ഇടനാഴികളാണുള്ളത്. റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് പുറമെ ഫുട്പാത്തുകൾ, സൈക്കിൾ പാത, അഴുക്കുചാലുകൾ, ദിശാ അടയാളങ്ങൾ, തെരുവുവിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമ്മാണം പുരോമിക്കുന്നത്. 21 റോഡുകളിലായി 47 കിലോമീറ്റർ നവീകരണമാണ് പദ്ധതിയിലൂടെ നടക്കുന്നത്. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനൊപ്പം തന്നെയാണ് നഗരങ്ങളുടെ വികസനത്തിനും ഗതാഗതകുരുക്കുകൾക്കും പരിഹാരമെന്ന നിലയിൽ ഇത്തരം വിവിധ റോഡ് വികസന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്.