കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ മുപ്പത്തി ഒന്നാം വാര്‍ഷികം ആചരിച്ചു. ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതുകൊണ്ടാണ് ആദിവാസി സാക്ഷരത, പഠന ലിഖ്‌ന അഭിയാന്‍ പെതു സാക്ഷരത എന്നീ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച മുന്നേറ്റമുണ്ടാകുന്നതെന്ന് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കെ സ്ഖറിയ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേരി സിറിയക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാക്കൂബ് വാര്‍ഡ് മെമ്പര്‍ ശ്രീദേവി, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക് സക്കീന എന്നിവര്‍ സംസാരിച്ചു. ദീര്‍ഘകാലം പത്താംതരം തുല്യത കോഴ്‌സ് കണ്‍വീനറും മുന്‍ ഡയറ്റ് പ്രിന്‍സിപ്പളുമായ ഡോ.പി. ലക്ഷ്മണനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു . ദീര്‍ഘകാലം പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സ് കണ്‍വീനര്‍ ആയിരുന്ന ചന്ദ്രന്‍ കിനാത്തി, ആദിവാസി സാക്ഷരതാ , പഠന ലിഖ്‌ന അഭിയാന്‍ മുട്ടില്‍ പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ ആയി സേവനമനുഷ്ഠിച്ച ഉസ്മാന്‍ ഉപ്പി, പത്താം തരം തുല്യത ആദ്യ കാല പഠിതാവ് എം കുഞ്ഞിരാമന്‍, എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ആദിവാസി സാക്ഷരത പഞ്ചായത്ത് തല സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ മുഴുവന്‍ വികസന/ തുടര്‍ വിദ്യാ കേന്ദ്രങ്ങളിലും ദിനചാരണത്തിന്റെ ഭാഗമായി പരിപാടികള്‍ നടന്നു.