കെ. എസ്. ആർ. ടി. സി പുതിയതായി ആരംഭിച്ച ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് ബസിന്റെ വിശദാംശം വിനോദ സഞ്ചാരികൾക്ക് ഡി. ടി. പി. സി മുഖേന ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി    റൈഡ് ബസ് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു       അദ്ദേഹം.

തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച പദ്ധതി ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകൾ കാണാനും ആസ്വദിക്കാനും കഴിയുന്ന മാതൃകാ പദ്ധതിയായി ഇത് മാറും. വൈക്കത്ത് ബസിൽ ആരംഭിച്ച ഫുഡ് ഇ വീൽസ് പദ്ധതിയും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.ടൂറിസം മന്ത്രിയുടെ ആശയമാണ് സിറ്റി റൈഡ് എന്ന നിലയിൽ പ്രാവർത്തികമാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രാരംഭ ഓഫർ എന്ന നിലയിൽ പകൽ യാത്രയ്ക്കും രാത്രി യാത്രയ്ക്കും 200 രൂപ വീതമാണ് ഫീസ്. രാത്രിയും പകലുമായി ബുക്ക് ചെയ്യുന്നവർക്ക് 350 രൂപയാണ് നിരക്ക്. പ്രാരംഭ ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഇൗടാക്കും. പകലും രാത്രിയും ചേർത്ത് ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജെന്ന് മന്ത്രി പറഞ്ഞു. മാതൃകാപരപമായ പ്രവർത്തനം നടത്തിയ അഞ്ച് കെ. എസ്. ആർ. ടി. സി ജീവനക്കാർക്ക് ടൂറിസം മന്ത്രി പുരസ്‌കാരങ്ങൾ നൽകി. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികളും ജീവനക്കാരുമാണ് മന്ത്രിമാർക്കൊപ്പം ആദ്യ യാത്ര നടത്തിയത്. കെ. എസ്. ആർ. ടി. സി സി എം ഡി ബിജു പ്രഭാകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.