രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും ക്യാമ്പിലൂടെ ലഭിക്കും.  സംഗീതം, കല, സാഹിത്യം എന്നിവയില്‍ അഭിരുചി ലഭിക്കാന്‍ ക്യാമ്പ് സഹായിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ശിശുക്ഷേമ സമിതി ജില്ലാ വൈസ്പ്രസിഡന്റ് പ്രൊഫ. കെ. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ കുട്ടികള്‍ക്കായി നാടന്‍പാട്ട് അവതരിപ്പിച്ചു. ഏപ്രില്‍ പതിനെട്ടു മുതല്‍ മെയ് പതിനേഴ് വരെയാണ് ക്യാമ്പ് നടക്കുന്നത്. വാദ്യസംഗീതങ്ങള്‍, ചിത്രരചന, ഒറിഗാമി, സംഗീതം, പ്രസംഗം, ഫോട്ടോഗ്രഫി എന്നിവയിലാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്.