മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് ആരംഭിക്കും. വൈകീട്ട് നാലു മണിക്ക് മുതലക്കുളം മുതൽ ബീച്ചുവരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. ഘോഷയാത്രയിൽ പ്രാദേശിക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പെടുത്തും. വൈകീട്ട് ആറു മണിക്ക് ബീച്ചിലെ തുറന്ന വേദിയിൽ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഏപ്രിൽ 26 വരെയാണ് മെഗാ പ്രദർശന- വിപണന മേള നടക്കുന്നത്. മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 200-ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകളിലേക്ക് പ്രവേശനം സൗജന്യമാണ്.
ആഘോഷങ്ങളുടെ ഭാഗമായി എല്ലാദിവസവും വൈകീട്ട് പ്രമുഖ കലാകാരന്മാരുടെ പരിപാടികളുണ്ടായിരിക്കും. 19ന് വൈകീട്ട് അഞ്ചിന് അനീഷ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളും രാത്രി എട്ടിന് കൊൽക്കത്തയിൽനിന്നുള്ള സംഗീതജ്ഞൻ പണ്ഡിറ്റ് സുഖദോ ബാദുരിയുടെ ഗസലും അവതരിപ്പിക്കും. 20ന് രാത്രി 7.30ന് ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടി, 21ന് രാത്രി 7.30ന് ഗായിക സിതാരയുടെ നേതൃത്വത്തിൽ പ്രൊജക്ട് മലബാറിക്കസ് സംഗീതനിശ എന്നിവ അരങ്ങേറും. 22ന് വൈകീട്ട് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ട്രിപ്പിൾ തായമ്പകയും തുടർന്ന് ചെങ്ങന്നൂർ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനയമുന വീണ്ടും എന്ന പ്രത്യേക സംഗീത പരിപാടിയും സംഘടിപ്പിക്കും.
സിനിമാതാരം ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഉത്സവരാവ് 23ന് വൈകീട്ട് 7.30നും കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിലാവ് 24ന് വൈകീട്ട് 7.30നും അരങ്ങേറും. 25ന് വൈകീട്ട് 7ന് സുകന്യ സുനിലിന്റെ മോഹിനിയാട്ടവും തുടർന്ന് സൂര്യഗായത്രി വെന്നിയൂർ കറ്റ എന്ന പേരിൽ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദ്യശ്യാവിഷ്കാരവുമുണ്ടാകും. സമാപന ദിവസമായ 26ന് രാത്രി 8ന് മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.
ഉദ്ഘാടന ദിവസമൊഴികെ ബാക്കിയുള്ള ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് വകുപ്പുതലത്തിലും വൈകീട്ട് 4.30ന് കാലികപ്രസക്തമായ വിവിധ വിഷയങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും. സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ മൂല്യങ്ങൾ, നവോത്ഥാന വഴികളിലൂടെ നവകേരളത്തിലേക്ക്, നവകേരള മിഷൻ – പിന്നിട്ട ആറ് വർഷങ്ങൾ, അതിജീവനത്തിന്റെ കേരള മാതൃകകൾ, നാളെയുടെ കോഴിക്കോട്, ലിംഗപദവിയും സാമൂഹിക നീതിയും, പശ്ചാത്തല വികസനവും ടൂറിസം സാധ്യതകളും എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.