ജില്ലയിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനു ള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം ജില്ലയില്‍ തുടക്കമാകും.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അട്ടത്തോട് പട്ടികവര്‍ഗ കോളനിയിലെ 191 കുടുംബങ്ങള്‍ക്കാണ് റേഷന്‍ സാധനങ്ങള്‍ ഊരുകളില്‍ നേരിട്ട് എത്തിച്ച് നല്‍കുന്നത്. ചാലക്കുടിയില്‍ മാത്രമാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ നടന്നുവരുന്നത്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട് ഊരുകളിലെത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംരംഭമാണ് പത്തനംതിട്ടയിലെ അട്ടത്തോട് ആദിവാസി ഊരില്‍ ആരംഭിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ പട്ടികവര്‍ഗ സെറ്റില്‍മെന്റുകളോട് ഏറ്റവും അടുത്തുള്ള റേഷന്‍ കടകളില്‍ നിന്നും വാഹനത്തില്‍ മാസത്തില്‍ രണ്ട് തവണ ഊരുകളിലെത്തിക്കും. ഒരു റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് വിതരണം നടത്തുക. ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം നടക്കുന്നതിനാല്‍ അര്‍ഹരായവര്‍ക്ക് റേഷന്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുവാന്‍ കഴിയും. റേഷന്‍ സാധനങ്ങള്‍ ഊരുകളില്‍ എത്തിക്കുന്നതിന് വനവികസന ഏജന്‍സി വാഹനസൗകര്യം ഏര്‍പ്പെടുത്തും. പട്ടിക            വര്‍ഗക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും എഎവൈ വിഭാഗത്തില്‍പ്പെട്ട മഞ്ഞ              കാര്‍ഡുകളാണ് നല്‍കിയിട്ടുള്ളത്. ഈ കാര്‍ഡുകള്‍ക്ക് കാര്‍ഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് സൗജന്യമായി നല്‍കുന്നത്. ഇതിന് പുറമേ വൈദ്യുതീകരിച്ച വീടിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടിന് നാല് ലിറ്ററും  മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിലും നല്‍കുന്നുണ്ട്.
റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തില്‍ റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍ വരുന്നതാണ് അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ്. ഇവിടുത്തെ 191 കാര്‍ഡ് ഉടമകളില്‍ 137 പേര്‍ അട്ടത്തോട് കിഴക്ക് കോളനിയിലും 54 പേര്‍ അട്ടത്തോട് പടിഞ്ഞാറ് കോളനിയിലുമാണ് താമസിക്കുന്നത്. നിലയ്ക്കല്‍ ഗോപുരത്തിന് അടുത്തുള്ള 123-ാം നമ്പര്‍ റേഷന്‍ കടയില്‍നിന്നാണ് സാധനങ്ങള്‍ കോളനിയിലെത്തിക്കുന്നത്.
ജില്ലയില്‍ ഒമ്പത് പട്ടികവര്‍ഗ കോളനികളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്നത് അട്ടത്തോട് കോളനിയിലായതിനാലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പിനായി അട്ടത്തോട് കോളനിയെ സിവില്‍ സപ്ലൈസ് വകുപ്പ് തെരഞ്ഞെടുത്തത്. 34 കുടുംബങ്ങള്‍ വീതമുള്ള സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍, ഗുരുനാഥന്‍മണ്ണ്, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ, 30 കുടുംബങ്ങളുള്ള അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, 20 കുടുംബങ്ങളുള്ള കോട്ടംപാറ, 23 കുടുംബങ്ങള്‍ വീതമുള്ള  വടശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, റാന്നി പെരുനാട് പഞ്ചായത്തിലെ വേലംപ്ലാവ്, 19 കുടുംബങ്ങളുള്ള റാന്നി പെരുനാട് പഞ്ചായത്തിലെ ചാലക്കയം എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി ഊരുകള്‍. ജില്ലയിലെ ഒമ്പത് ആദിവാസി ഊരുകളിലായി 408 കുടുംബങ്ങളാണ് താമസിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതി വനം, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹകരണത്തോടു കൂടിയാണ് നടപ്പാക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു.