അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനും കുട്ടികളുടെ ബുദ്ധിവികാസത്തിനും കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. പഞ്ചായത്തിലെ പതിനൊന്ന് അങ്കണവാടികളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. അങ്കണവാടി കെട്ടിടങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍ പക്ഷിമൃഗാദികള്‍, പൂക്കള്‍, പ്രകൃതിവിഭവങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ വരയ്ക്കും. കലാവാസനകള്‍ വളര്‍ത്തിയെടുക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കുന്നതിനായി കംപ്യൂട്ടര്‍, 32 ഇഞ്ച് എല്‍.ഇ.ഡി ടിവി എന്നിവ അങ്കണവാടികള്‍ക്ക് നല്‍കും. ഇതിലൂടെ കുട്ടികള്‍ക്ക് കേട്ടറിവില്‍ നിന്നും കാര്യങ്ങള്‍ കണ്ടറിവിലൂടെ ജീവിതത്തില്‍ ആര്‍ജിക്കുവാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ കഥ, കവിത സമാഹാരങ്ങള്‍ അടങ്ങുന്ന ഗ്രന്ഥശാലകള്‍ ഒരുക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും പുസ്തകശേഖരത്തില്‍ നിന്നുള്ള അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഇതുമൂലം കഴിയും. അങ്കണവാടികളില്‍ യോഗങ്ങള്‍ ചേരുന്നതിന് കസേരകള്‍ നല്‍കും. അങ്കണവാടിയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും കൊടിമരവും ഇതിന്റെ ഭാഗമായി നല്‍കും. ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. ചാര്‍ട്ട് പേപ്പറുകളില്‍ ചിത്രങ്ങള്‍ വരച്ചും പോസ്റ്ററുകളും കളിപ്പാട്ടങ്ങളും തയ്യാറാക്കി പാട്ടുകള്‍ പരിശീലിപ്പിച്ചും അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കും. കൂടാതെ ശിശുസൗഹൃദശുചിമുറി,ആരോഗ്യകരമായ ഭക്ഷണം ഇവയ്ക്കും പ്രാധാന്യം നല്‍കും. വീട്ടിലെ അന്തരീക്ഷത്തേക്കാള്‍ കുട്ടികളെ സ്വാധീനിക്കുന്ന ഇടമാണ് അങ്കണവാടികള്‍. സ്‌നേഹവും പരിചരണവും കുട്ടികളുടെ അവകാശമാണ്. അങ്കണവാടികളുടെ പ്രവര്‍ത്തനം പൂര്‍ണമായും കടലാസുരഹിതമാക്കും. അങ്കണവാടിയുടെ പരിധിയില്‍ വരുന്നവരെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുമായി കുട്ടികള്‍ക്ക് ഒരു സൗഹൃദസംഭാഷണം ഒരുക്കും. പഴയ കഥകള്‍, കവിതകള്‍ അവരുടെ അനുഭവങ്ങള്‍ തുടങ്ങിയവ കുട്ടികളുമായി പങ്ക് വയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.