സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും (20-04-2022). രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെയുമാണ് കേരളം തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. മേഘാലയക്കെതിരെ കൂടുതല്‍ താരങ്ങള്‍ അവസരം നല്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേഘാലയ ഇറങ്ങുന്നത്. ചെറിയ പാസുകളുമായി അതിവേഗം മുന്നോട്ട് നീങ്ങുന്ന ടിക്കി ടാക്ക സ്‌റ്റൈലിലാണ് മേഘാലയ കളിക്കുന്നത്. ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറാണ് ടീമിന്റെ മറ്റൊരു ശക്തി കേന്ദ്രം. മികച്ച ഡ്രിബിളിംങും കൃത്യതയാര്‍ന്ന ഷോട്ടും എതിര്‍ടീമിന്റെ പ്രതിരോധനിരക്കും ഗോള്‍ കീപ്പര്‍ക്കും പ്രയാസമുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ ഫിഗോ സിന്‍ഡായി രണ്ട് ഗോള്‍ നേടിയിരുന്നു.

വൈകീട്ട് നാലിന് മലപ്പുറം കോട്ടപ്പടിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് രാസ്ഥാനെ നേരിടും. കളിച്ച രണ്ട് മത്സരവും തോറ്റ രാജസ്ഥാന്റെ സെമി പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ കേരളത്തോടും രണ്ടാം മത്സരത്തില്‍ മേഘാലയയോടും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനോട് തോറ്റാണ് പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാകും രണ്ടാം മത്സരത്തിന് ഇറങ്ങുക. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാള്‍ പഞ്ചാബിനെ പാരാജയപ്പെടുത്തിയത്. ബംഗാള്‍ കേരളത്തോട് പരാജയപ്പെട്ടതും പഞ്ചാബിന് ഗുണമായി. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്റെ കരുത്ത്. പകരക്കാരനായി ഇറങ്ങിയ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്കിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.