മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന 28ന്. 30 വരെ പത്രിക പിൻവലിക്കാം.
തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. സപ്ലിമെന്ററി വോട്ടർപട്ടിക ഏപ്രിൽ 25-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി വരുന്നു. വോട്ടിംഗ് മെഷീൻ സംബന്ധിച്ച പരിശീലനം ഉടൻ ആരംഭിക്കും. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും.
12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.