ജില്ലയില്‍ മൂന്നു കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു ഹോമിയോ ആശുപത്രിയും ആറ് സബ് സെന്ററുകളും ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രം ശനിയാഴ്ച രാവിലെ 9.30നും എടത്തല കുടുംബാരോഗ്യ കേന്ദ്രം 11.30നും ഉദ്ഘാടനം ചെയ്യും. മഞ്ഞള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രവും കല്ലൂര്‍ക്കാട് ഹോമിയോ ആശുപത്രിയും രാവിലെ 9.30ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മോനിപ്പള്ളി, ചൊവ്വര, തോട്ടുമുഖം, ചേലമറ്റം, മഞ്ഞപ്പെട്ടി, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ സബ് സെന്ററുകളുടെ ഉദ്ഘാടനം രാവിലെ 11ന് ഓണ്‍ലൈനായി നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ആരോഗ്യമിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെയും അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം എടത്തലയില്‍ ആരോഗ്യമന്ത്രി നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.പി ആണ് മുഖ്യാതിഥി.