കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലേക്ക് കിച്ചന്‍ ബിന്നുകള്‍ വിതരണം ചെയ്തു. ജൈവ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് നടപടി. ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്തും. ആവശ്യമെങ്കില്‍ തുടര്‍ന്ന് വീടുകളില്‍ കിച്ചന്‍ ബിന്‍ എന്ന നിര്‍ബന്ധിത നടപടിയിലേക്ക് നീങ്ങും.1000 കിച്ചന്‍ ബിന്നുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ബിന്നില്‍ നിക്ഷേപിക്കുന്ന ജൈവമാലിന്യം രാസപ്രക്രിയ വഴി ദുര്‍ഗന്ധമില്ലാതെ വളമായി മാറും. ക്രമമായാണ് ബിന്നുകളില്‍ ജൈവ വസ്തുക്കള്‍ നിറയ്ക്കേണ്ടത്. വീടുകളിലേക്ക് നല്‍കുന്ന കിച്ചണ്‍ ബിനുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി സരസ്വതി അധ്യക്ഷത വഹിച്ചു. ജൈവ മാലിന്യം നഗരത്തില്‍ ഇനി അനുവദിക്കാനാവില്ലെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളതെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി.സുജാത പറഞ്ഞു.