ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ നട്ടു പദ്ധതിയുടെ ഭാഗമായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൈനബാ, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍ കര്‍ഷകര്‍ പങ്കെടുത്തു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയും, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധനവ് പ്രയോജനപ്പെടുത്തി സമ്പത്‌വ്യവസ്ഥയെ
ശക്തമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാര്‍ഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുക, തനത് കാര്‍ഷികവിഭവങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച കാര്‍ഷികസമിതികളിലൂടെ പഞ്ചായത്ത് തലത്തില്‍ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കും. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു വാര്‍ഡിന് ഒന്ന് എന്ന ക്രമത്തില്‍ മാസ്റ്റര്‍ കര്‍ഷകന്‍ ഉണ്ടാവും. ഇതുകൂടാതെ അതെ ഒരു വാര്‍ഡില്‍ അഞ്ച് ഉത്തമ കൃഷി കുടുംബങ്ങളെ ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനുപുറമേ വിവിധ സംഘടനകളുടെ സഹകരണത്തോടെ വ്യക്തിപരമായും ഗ്രൂപ്പായും കൃഷി ആരംഭിക്കാം. പദ്ധതിയുടെ ഭാഗമായി ഗ്രൂപ്പായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, എഐഎംഎസ് രജിസ്‌ട്രേഷന്‍ എന്നിവ നല്‍കും.
വിപണനത്തിനായി പഞ്ചായത്ത് തലത്തിലും നഗരസഭകളിലും ആവശ്യാനുസരണം കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഓരോ പ്രദേശത്തും അധികം വരുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങള്‍, കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ കേരളീയരിലും കാര്‍ഷികസംസ്‌കാരം ഉണര്‍ത്തി അതുവഴി സ്ഥായിയായ കാര്‍ഷികമേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.