ക്ഷീരമേഖലയിലെ ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനും മൃഗ സംരക്ഷണം കൂടുതല്‍ ആദായകരമാക്കാമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പുമായി സഹകരിച്ച് വെള്ളമുണ്ട ക്ഷീരോല്‍പ്പാദക സഹകരണ സംഘം നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ക്ഷീരമേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കും. കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന പശുക്കളെ കര്‍ഷകരിലെത്തിച്ചും കാലിത്തീറ്റവില കുറക്കുന്നതിനായി നൂതനപദ്ധതികളാവിഷ്‌കരിച്ചും കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കുന്നവിധത്തില്‍ ക്ഷീരമേഖലയെ മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ത്രിതലപഞ്ചായത്തുകളോട് ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കനാവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വരുമാനം ലഭിക്കുന്നമേഖലയായി ക്ഷീരകാര്‍ഷികമേഖല മാറുമ്പോള്‍ കൂടുതല്‍ പേര്‍ ഈ രംഗത്ത് വരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു .കെട്ടിടത്തിലുള്ള ലാബിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബിയും കൂളര്‍ബില്‍ഡിംഗ് ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുധിരാധാകൃഷ്ണനും നിര്‍വ്വഹിച്ചു. ഏറ്റവും കൂടുതല്‍ പാലളന്ന യുവകര്‍ഷകനെ ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ജുനൈദ് കൈപ്പാണിയും കൂടുതല്‍ പാലളന്ന കര്‍ഷകരെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഉഷാദേവിയും ചടങ്ങില്‍ ആദരിച്ചു.