ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിൽ പുതിയ 6000 സംരംഭങ്ങള്‍ തുടങ്ങുന്നു. സംസ്ഥാനത്ത് പുതിയ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണിത്. ഇതുമായിബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നു. 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിനും ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള കര്‍മപദ്ധതികളുമായാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
വ്യാവസായ വകുപ്പിന്റെ നേതൃത്വത്തില്‍ 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരുലക്ഷം സംരംഭങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ തലത്തില്‍ പദ്ധതി അവലോകനം ചെയ്യുന്നതിനൊപ്പം വിവിധ പഞ്ചായത്തുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം ഓരോ മാസവും പരിശോധിക്കും. കൂടാതെ, ജില്ലാതലത്തില്‍ ഇന്റേണ്‍സിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയെന്നതാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതലകള്‍.

ഓരോ പഞ്ചായത്തിന്റെയും ലഭ്യത അനുസരിച്ച് പദ്ധതികള്‍ തിരഞ്ഞെടുക്കാവുന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ബിടെക്ക്/ എംബിഎ യോഗ്യതയുള്ള ഇന്റേണ്‍സിനെ നിയമിച്ച് പരിശീലനം നല്‍കി വരുന്നു. ഓരോ മാസം 12 സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ സംരംഭകരെ പ്രാപ്തരാക്കുന്നതിനൊപ്പം അവര്‍ക്ക് ആവശ്യമായ എല്ലാ കൈതാങ്ങും ചെയ്ത് നല്‍കേണ്ടത് ഇന്റേണ്‍സിന്റെ ചുമതലയാണ്.

സംസ്ഥാനത്തൊട്ടാകെ 1100 ഇന്റേണ്‍സിനെയും ജില്ലയില്‍ അറുപത്തിയൊന്ന് പേരെയും പദ്ധതി നിര്‍വഹണത്തിനായി തെരഞ്ഞെടുത്തു.യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.