തിരുവല്ല ടൗണിലെ ഡിവൈഡര്‍ സംവിധാനം അശാസ്ത്രീയമാണെന്നും പരിഹാരം വേണമെന്നും അഭ്യര്‍ഥിച്ച് ചെറുകിട വ്യാപാരികള്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ വാഹനീയം അദാലത്തിലെത്തി ഗതാഗത മന്ത്രി ആന്റണി രാജുവിനെ കണ്ടു. കുരിശുകവല മുതല്‍ ദീപ ജംഗ്ഷന്‍ വരെ ചാലക്കുഴി ബസാര്‍ അടക്കമുള്ള പ്രദേശത്തെ 350 ഓളം ചെറുകിട വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അടങ്ങുന്നവരുടെ പ്രതിനിധികളാണ് മന്ത്രിക്ക് അരികില്‍ എത്തിയത്.

അശാസ്ത്രീയമായ ഡിവൈഡറുകള്‍ സ്ഥാപിച്ചതുമൂലം 2500 ഓളം പേരുടെ ഉപജീവനമാര്‍ഗമാണ് പ്രതിസന്ധിയിലായതെന്ന് പ്രതിനിധികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലെത്തിയ സംഘം പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം പരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പോടെയാണ് ഇവര്‍ മടങ്ങിയത്.