സര്‍ക്കാരിന്‍റെ സജീവ ഇടപെടല്‍ തൊഴില്‍ രംഗത്ത് മാറ്റത്തിന് വഴിതുറന്നു- മന്ത്രി സജി ചെറിയാന്‍

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതി തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നതായി ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴ എസ്.ഡി കോളജില്‍ മുഖാമുഖം 2022 മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ ആശ്രയിക്കാതെ കേരളത്തിൽതന്നെ തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന സംരംഭങ്ങൾക്ക് രൂപം കൊടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ആകെ തൊഴില്‍ രഹിതരില്‍ പകുതി പേര്‍ക്കെങ്കിലും അതായത് ഇരുപതു ലക്ഷത്തോളം പേര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്ന തൊഴില്‍ നല്‍കാന്‍ കഴിയുന്ന വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.

സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെട്ട വൈജ്ഞാനിക തലത്തിലേക്ക് എത്തിക്കുന്നതിനൊപ്പം തൊഴില്‍ മേഖലയില്‍ നിലവിലുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും നമുക്കു കഴിയണം-മന്ത്രി പറഞ്ഞു.

സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, ജില്ലാ ഭരണകൂടം, ജില്ലാ സ്‌കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ അന്‍പതോളം തൊഴില്‍ ദാതാക്കള്‍ പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങില്‍ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി. പി ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.ജി രാജേശ്വരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കളക്ടർ ഡോ.രേണു രാജ്, ജില്ലാ വികസന കമ്മീഷണർ കെ.എസ്. അഞ്ജു, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, വാർഡ് കൗൺസിലർമാരായ ഹരികൃഷ്ണൻ, എസ്. മനീഷ, എസ്.ഡി കോളേജ് പ്രിൻസിപ്പൽ പി.ആർ. ഉണ്ണികൃഷ്ണ പിള്ള, കെ.എ.എസ്.ഇ സ്കിൽ കോ-ഓർഡിനേറ്റർ ലക്ഷ്മി വി.കെ. പിള്ള എന്നിവർ പങ്കെടുത്തു.