ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം 26 ന് രാവിലെ 9.30 ന് കട്ടപ്പന പാറക്കടവിലുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കട്ടപ്പന ആസ്ഥാനമാക്കിയാണ് പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുതിയ ഓഫീസ് എന്ന ആവശ്യം മന്ത്രി റോഷി അഗസ്റ്റിന്റെ പരിഗണനയില്‍ എത്തുകയും, മന്ത്രിയുടെ ഇടപെടലില്‍ കട്ടപ്പനയില്‍ പുതിയ ഓഫീസ് അനുവദിക്കുകയുമായിരുന്നു.

ഉദ്ഘാടന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലതാകുമാരി മുഖ്യസന്ദേശം നല്‍കും. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ അജിത് കുമാര്‍ സ്വാഗതവും ജില്ലാ ഓഫീസര്‍ സിഎന്‍ രാധാകൃഷ്ണന്‍ കൃതജ്ഞതയും ആശംസിക്കും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ – സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.