സംസ്ഥാനത്ത് 2022 മെയ് 17 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെളളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ചേമ്പളം, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 ആണ്ടവന്‍കൂടി എന്നീ 3 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 13 ന് പുറപ്പെടുവിച്ചിട്ടുളള തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം ഏപ്രില്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കും. ഏപ്രില്‍ 28ന് സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30, വോട്ടെടുപ്പ് മെയ് 17 രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണല്‍ മെയ് 18ന് രാവിലെ 10 മുതല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി മെയ് 20 ആണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ വോട്ടെണ്ണല്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് എച്ച്.എസ്. മേരികുളം (വടക്ക് ഭാഗം) സ്‌കൂളില്‍ വച്ചും, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ലെ വോട്ടെണ്ണല്‍ ദേവികുളം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും മെയ് 18 ന് രാവിലെ 10.00 മുതല്‍ ആരംഭിക്കും.

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് ബൂത്തുകളും, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളും, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ബൂത്തും ഉള്‍പ്പടെ ആകെ അഞ്ച് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരു സ്ഥാനര്‍ത്ഥി കെട്ടിവയ്‌ക്കേണ്ട തുക 1000/ രൂപയും ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധിതുക 25000/ രൂപയുമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പെട്ട സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തുകയുടെ 50 ശതമാനം മാത്രം കെട്ടി വച്ചാല്‍ മതിയാകുമെന്നും ജില്ലാ കള്കടര്‍ അറിയിച്ചു.