അസാധ്യമായ മെയ്‌വഴക്കം, ചടുലമായ ചലനങ്ങൾ, കളരിയിൽ മാസ്മരിക പ്രകടനം തീർത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കൈയ്യടി നേടി രണ്ട് അഭ്യാസികൾ. കുന്നംകുളം വിവേകാനന്ദ കോളേജ് വിദ്യാർത്ഥികളായ കെ ചിത്ര, പി എസ് അതുൽ കൃഷ്ണ എന്നിവരാണ് കളരി ചുവടുകളിലൂടെ മേളയിൽ അരങ്ങ് വാണത്. കളരി വന്ദനം, കെട്ടുകാരി പയറ്റ്, മെയ്പ്പയറ്റ് തുടങ്ങി അഭ്യാസ മുറകളിലൂടെയാണ് വിദ്യാർത്ഥികൾ വേദിയെ ആവേശത്തിലാഴ്ത്തിയത്. കല്ലൂരുള്ള വല്ലഭട്ട കളരിയിലാണ് ഇരുവരും അഭ്യസിക്കുന്നത്. 9 വർഷമായി കളരി പഠിച്ചു വരുന്നു. തൃശൂർ സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിനിയായ അശ്വതി അരുണിന്റെ ഗാനാലാപനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോളേജിയേറ്റ് വകുപ്പിന് വേണ്ടി നാഷണൽ സർവീസ് സ്കീം വളന്റിയർമാരും  വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും മേളയിൽ ദിവസവും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കളരിപ്പയറ്റ് അരങ്ങിലെത്തിയത്.  ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എല്ലാ കോളേജുകളിൽ നിന്നും ഈ സാംസ്കാരിക പരിപാടിയിൽ പങ്കാളിത്തമുണ്ട്. സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ നിർദ്ദേശ പ്രകാരം എൻഎസ്എസ് വളണ്ടിയർമാരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.