അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പി എം കെ എസ് വൈ പദ്ധതിയുടെ ഉദ്ഘാടനവും ഡി പി ആര്‍ പ്രകാശനവും നടത്തി. ഒരു പ്രദേശത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തടവികസന പദ്ധതി. 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനനുവദിച്ച 6 പദ്ധതികളില്‍ ഒരെണ്ണമാണ് ജില്ലയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹണ ഏജന്‍സിയായി നടപ്പാക്കാനൊരുങ്ങുന്നത്.

ജലത്തിന്റെ ഭൗതീക ലഭ്യത വര്‍ധിപ്പിക്കുക, കൃഷി വ്യാപിപ്പിക്കുക, ജലശ്രോതസ്സുകളുടെ സംയോജനം, വിതരണം, അതിന്റെ കാര്യക്ഷമമായ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടതായുള്ളത്. അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനവും ഡി പി ആര്‍ പ്രകാശനവും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വ്വഹിച്ചു. അഡ്വ. എ. രാജ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ വിതരണവും ഗുണഭോക്തൃ സംഗമവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അഡ്വ. എ രാജ എംഎല്‍എ വീടുകളുടെ താക്കോല്‍ കൈമാറി.

2021-22 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സേവനം നടത്തിയ ഉദ്യോഗസ്ഥരേയും ചടങ്ങില്‍ ആദരിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷേര്‍ളി മാത്യു, വി ജി പ്രതീഷ് കുമാര്‍, റബ്ബര്‍മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ പി വി സ്‌കറിയ, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചാത്തംഗങ്ങള്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.