അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക ഇനങ്ങൾ പഠന വിഷയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന്
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കായിക ക്ഷമതയുള്ള ജനങ്ങൾ താമസിക്കുന്ന നാടാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കേന്ദ്രമാക്കിയുള്ള തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

കുന്നംകുളം കായിക ഡിവിഷന്റെ ഉദ്ഘാടനത്തോടെ കേരളത്തിന്റെ കായിക ഭൂപടത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരികയാണ്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. ഇതിലൂടെ ഗ്രാമങ്ങളിൽ നിന്ന്  കായിക താരങ്ങളെ വാർത്തെടുക്കാനാകും. ജില്ലാ തലത്തിലേത് പോലെ ഗ്രാമീണ തലത്തിലും സ്പോര്‍ട്സ് കൗൺസിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളത്തെ സ്പോര്‍ട്സ് മെഡിസിൻ സെന്റർ സയബന്ധിതമായി പൂർത്തീകരിക്കുമെന്നും സ്വിമ്മിങ്ങ് പൂളിന്റെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന കായിക വകുപ്പ് തുക അനുവദിച്ച് നിര്‍മ്മിക്കുന്ന ബോയ്സ് സ്കൂള്‍ പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ  എ സി മൊയ്തീന്‍ എം എൽ എ അധ്യക്ഷത വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് സീനിയര്‍ ഗ്രൗണ്ടിലെ നാച്ച്വറല്‍ ടര്‍ഫ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ 14 വയസിന് താഴെയുള്ള കായിക വിദ്യാര്‍ത്ഥികളുടെ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എരുമപ്പെട്ടി ഗവ.സ്കൂളിലെയും കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനിലെയും കായിക വിദ്യാര്‍ത്ഥികളെ
എം എൽ എ  അനുമോദിച്ചു. തുടർന്ന് ബഥനി സ്കൂളിലെ പ്രിൻസിപ്പാൾ ഫാ.പത്രോസിന്റെ കായിക പ്രകടനം, കടവല്ലൂർ കനോജി ആർ വൈ യു ടീമിന്റെ കരാത്തെ, ഐ ടി കെ വൈ കുന്നംകുളം ടീമിന്റെ കരാത്തെ, കളരി തുടങ്ങിയ കായിക പ്രകടനങ്ങളും കുന്നംകുളം എ സി പി  സിനോജ് ടി എസ്, സിപിഒ അഭീഷ് പി എൻ, നഗരസഭ റവന്യൂ ഓഫീസർ സുശീല, നഗരസഭാ കൗൺസിലർ പ്രവീണ എന്നിവരുടെയും കുന്നംകുളം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളുടെ കലാപരിപാടികളും  നടന്നു.

ചടങ്ങിൽ പങ്കെടുത്ത കായിക താരങ്ങളായ ഐ എം വിജയന്‍, സി  ഹരിദാസ് എന്നിവരെ മന്ത്രിയും എം എൽ എ യും ചേർന്ന് ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്പോർട്സ് കേരള  ഫൗണ്ടേഷൻ ചീഫ് എൻജിനീയർ കൃഷ്ണൻ ബി ടി വി  റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കായിക വകുപ്പ് ഡയറക്ടർ ഡോ. ജെറോമിക് ജോർജ്, ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് എം കെ പത്മജ, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് സിറിള്‍ സി വെള്ളൂര്‍, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ സെക്രട്ടറി ബർളി ജോസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, നഗരസഭാ വൈസ് ചെയർമാൻ സൗമ്യ അനിൻ, തുടങ്ങിയവര് ചടങ്ങിൽ പങ്കെടുത്തു.