ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി രൂപീകരണ യോഗം തൊടുപുഴ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്നു. 101 അംഗ ജനറല്‍ കമ്മിറ്റി അംഗങ്ങളെയും 25 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു. ജില്ലയിലെ മന്ത്രി റോഷി അഗസ്റ്റിന് മുഖ്യരക്ഷാധികാരിയായി. ഡീന്‍ കുര്യാക്കോസ് എം പി, എംഎല്‍എ മാരായ പി ജെ ജോസഫ്, വാഴൂര്‍ സോമന്, എം എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സിക്കുട്ടന്‍, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാനായി തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, സംഘാടകസമിതി കണ്‍വീനറായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ എല്‍ ജോസഫ്, ട്രഷറര്‍ ആയി ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി കെ കുര്യാക്കോസ്, വൈസ് ചെയര്മാന് മാരായി ജെസ്സി ജോണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായി പി എസ് രാജന്, കെ ദീപക്, എം എ കരിം, ബിന്ദു പത്മകുമാര്‍, ഷീജ ഷാഹുല്‍ ഹമീദ് എന്നിവരേയും നിശ്ചയിച്ചു. മുഹമ്മദ് ഫൈസല്‍ ജാഫര്‍ഖാന്‍, പി പി ജോയ്, ബിനു കൈമള്‍, ജിമ്മി മറ്റത്തിപ്പാറ, രാജു തരണിയില്‍, എം എം ഹമീദ്, ജോസഫ് ജോണ്‍, പി എ സലിം കുട്ടി എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
